അടിയുറച്ച കമ്യുണിസ്റ്റുകാരി; എന്നും സിപിഐയ്‌ക്കൊപ്പം; കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തള്ളി ഇഎസ് ബിജിമോൾ

single-img
9 October 2022

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന താൻ കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ നേതാവ് ഇ എസ് ബിജിമോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജിമോൾ നിലപാട് വ്യക്തമാക്കിയത്.

ഇത്തരം വ്യാജ പ്രചാരണങ്ങളിൽ യാതൊരു വിധ വസ്തുതയുമില്ല . രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ തന്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല. എന്നും താൻ അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കുമെന്നും ബിജിമോൾ പറയുന്നു.

രാഷ്ട്രീയപ്രവർത്തകയായിരിക്കുന്നടത്തോളം കാലംതാൻ സി. പി .ഐയുടെ പ്രവർത്തകയായിരിക്കുമെന്നും ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവർ നല്കിയ പിന്തുണയാണ് തന്റെ ശക്തിയെന്നും ബിജിമോൾ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇരുപത്തിരണ്ടാം വയസിൽ സി പി ഐ മെമ്പർഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഞാൻ വരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്നേഹവും കരുതലും ഞാൻ അനുഭവിച്ചറിഞ്ഞത്. അവർ നല്കിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നിലയിൽ പ്രവർത്തിക്കുവാനും ജനകീയ പ്രശ്നങ്ങളിൽ പ്രതികരിക്കാനും കരുത്ത് നല്കിയത്.

ഇത്രയും ഇപ്പോൾ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്രചരണം ചിലർ നടത്തുന്നതായി സി പി ഐ യുടെ സഖാക്കൾ എൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ യാതൊരു വിധ വസ്തുതയുമില്ല . സഖാക്കളെ, രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എൻ്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല.

എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും ഞാൻ . അതിലുപരി രാഷ്ട്രീയപ്രവർത്തകയായിരിക്കുന്നടത്തോളം കാലം ഞാൻ സി. പി .ഐയുടെ പ്രവർത്തകയായിരിക്കും. അഭിപ്രായങ്ങൾ തുറന്ന് പറയണമെന്നും എത് പ്രതിസന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കളെ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത്.

അതിന് പകരമായി കൂടെ നില്ക്കുമെന്നും കൂടെ കാണുമെന്നും ഉറപ്പു നല്കിയ ,ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവർ നല്കിയ പിന്തുണയാണ് എൻ്റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സി പി ഐക്ക് ഒപ്പം