നിയമസഭാ കൈയ്യാങ്കളി കേസില്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

single-img
26 September 2022

തിരുവനനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും.

കുറ്റപത്രം വായിച്ച്‌ കേള്‍ക്കുന്നതിനായാണ് ജയരാജന്‍ കോടതിയില്‍ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്.

കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നേരത്തേ ഹാജരായിരുന്നു. എന്നാല്‍ പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അസുഖം കാരണം ഹാജരാകാനാവില്ലെന്ന് ജയരാജന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയും പ്രതികളുടെ വിടുതല്‍ ഹരജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. 2015 മാര്‍ച്ച്‌ 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരായ ഇടതുപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു.