‘സർക്കാർ ഫയലുകളിലെ ഇംഗ്‌ളീഷ് എഴുത്ത്’ ജനങ്ങളുടെ അവകാശം നിഷേധിക്കൽ: പിണറായി വിജയൻ

single-img
1 November 2022

സർക്കാർ ഫയലുകളിലെ ഇംഗ്‌ളീഷ് എഴുത്ത് ജനങ്ങളുടെ അവകാശം നിഷേധിക്കലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫയൽ മലയാളത്തിൽ കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രദ്ദിക്കണം. ഇത് ചെയ്യാത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെങ്കിലും, ഇപ്പോൾ ബോധവത്ക്കരണത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും സംസ്ഥാനഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാള ഭാഷ പഠിക്കാൻ താത്പര്യമുള്ള അതിഥി തൊഴിലാളികൾക്കായി മലയാള പഠന പദ്ധതി നടപ്പാക്കും. അദ്ദേഹം. മലയാള സർവകലാശാലയെയും വികസിപ്പിക്കും. ഇതിന്റെ ഭാഗമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും സർവവിജ്ഞാനകോശത്തിന്റേയും സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിക്കും. മലയാള ഭാഷയുടെ പരിപോഷണത്തിനായി മലയാളം മിഷന്റെ പ്രവർത്തനം വിപുലീകരിക്കും. നിലവിൽ 50 രാജ്യങ്ങളിലായി മലയാളം മിഷന്റെ 71 ചാപ്റ്ററുകൾ പ്രവർത്തിക്കുന്നു. ഇവയുടെ എണ്ണം വർധിപ്പിക്കും- മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ആന്റണിരാജു അധ്യക്ഷനായി. എം മുകുന്ദൻ, പ്രൊഫ. വി മധുസൂദനൻ നായർ എന്നിവരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിആർഡി തയ്യാറാക്കിയ സമകാലിക ജനപഥം ഭരണഭാഷാ പതിപ്പ് മന്ത്രി ആന്റണിരാജു പ്രകാശിപ്പിച്ചു. ഭരണഭാഷ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാതോമസ്, പിആർ ഡി ഡയറക്ടർ എച്ച് ദിനേശൻ എന്നിവർ സംസാരിച്ചു.