അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏട് ; മന്‍ കി ബാത്തിൽ പ്രധാനമന്ത്രി

single-img
18 June 2023

അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം. ലക്ഷക്കണക്കിന് പേര്‍ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചു. നിരവധി പേര്‍ അറസ്റ്റിലായി. അടിയന്തരാവസ്ഥയെ കുറിച്ച് യുവാക്കള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

രാജ്യത്തെ ബിപർജോയ് ചുഴലിക്കാറ്റ് നേരിട്ട മേഖലകള്‍ അതിവേഗം ഉയർത്തെഴുന്നേല്‍ക്കും. കേരളത്തിലെ അധ്യാപകനായ റാഫി രാംനാഥ് മിയാവാക്കി രീതിയിലുണ്ടാക്കിയ ജൈവവൈവിധ്യ വനത്തെ കുറിച്ചും മോദി മൻ കി ബാത്തില്‍ പരാമർശിച്ചു. അതേസമയം, മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ​ഗാന്ധി രംഗത്തെത്തിയിരുന്നു.

ഇരു വിഭാഗങ്ങൾ തമ്മിലുള്ള കലാപം 40 ദിവസം പിന്നിടുമ്പോഴും നൂറിലേറെ പേർ മരിച്ചിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂർ കലാപത്തിന് കാരണമെന്നും രാഹുൽ ട്വീറ്റിലൂടെ പറഞ്ഞു. കലാപം അവസാനിപ്പിക്കാൻ സ‌ർവകക്ഷി സംഘം ഉടൻ മണിപ്പൂരിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിപ്പൂർ സന്ദർശിക്കണമെന്നും നേരിട്ട് കാര്യങ്ങൾ മനസിലാക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പോയില്ലെങ്കിൽ പിന്നെ ആരാണ് പോകുകയെന്ന് ചോദിച്ച ജയ്റാം രമേശ്, മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്ത് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.