ലൈഫ് മിഷൻ അഴിമതി; അന്വേഷണം സി എം രവീന്ദ്രനിലേക്ക്

single-img
16 February 2023

ലൈഫ് മിഷൻ അഴിമതിയിൽ അന്വേഷണം ശക്തമാക്കാൻ ഇ ഡി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് ഇഡിയിൽ നിന്നും ലഭിക്കുന്ന സൂചന. എം. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

അതേസമയം ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ കസ്റ്റഡിയിലുള്ള എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ എൻഫോഴ്സമെന്‍റ് തുടരുന്നു. ടെണ്ടറില്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് 1 കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി.

മാത്രമല്ല ലൈഫ് മിഷൻ കരാറിലെ കോഴപ്പണം വരുന്നതിനു മുൻപ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്ത് വന്നു. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശമാണ് ശിവശങ്കർ നൽകുന്നത്. ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നിൽക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു എന്ന സംഭാഷണവും ചാറ്റിലുണ്ട്. എന്നാല്‍ സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ തിരുത്തിയിട്ടുള്ളത്