വീടിനോട് ചേർന്ന് അതിവേഗ റെയിൽപാത ഓഫീസ് തുറന്ന് ഇ ശ്രീധരൻ

single-img
2 February 2026

അതിവേഗ റെയിൽപാത പദ്ധതി നാട്ടുകാരുടെ ജീവിതത്തെ ബാധിക്കാതെ നടപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മെട്രോമാൻ ഇ ശ്രീധരൻ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ് തുറന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ഇന്നുമുതൽ ആരംഭിക്കുമെന്നും, ഏപ്രിൽ–മേയ് മാസങ്ങളിൽ ഫീൽഡ് വർക്ക് തുടങ്ങുമെന്നും ഇ ശ്രീധരൻ അറിയിച്ചു. സർവേയ്ക്കായി റഡാർ ഉപയോഗിക്കില്ലെന്നും, മാനുവൽ രീതിയിലായിരിക്കും സർവേ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

സർവേ ആരംഭിക്കുന്നതിന് മുൻപ് നാട്ടുകാരുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു തരത്തിലും ഉപദ്രവമുണ്ടാകില്ലെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകണമെന്ന് സ്റ്റാഫിനോട് നിർദേശിച്ചിട്ടുണ്ടെന്നും, പദ്ധതി വേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

‘ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പൊന്നാനി ഓഫീസ്’ എന്ന പേരിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വീടിനോട് ചേർന്നാണ് ഓഫീസ് പ്രവർത്തിക്കുക. കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, അത് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഫീസ് പ്രവർത്തനങ്ങൾക്കായി റെയിൽവേയിൽ നിന്ന് വിരമിച്ച ഏകദേശം 12 ജീവനക്കാരെ തെരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിദേശത്തായതിനാൽ, അദ്ദേഹം മടങ്ങിയെത്തിയ ശേഷം ഡിപിആർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങും. എന്നാൽ ഡിപിആർ തയ്യാറാക്കാനുള്ള മുന്നൊരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചതായും ഇ ശ്രീധരൻ അറിയിച്ചു.