പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടിയില്‍ പ്രതികരിക്കാതെ ഡിവൈഎഫ്‌ഐ

single-img
1 November 2022

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടിയില്‍ പ്രതികരിക്കാതെ ഡിവൈഎഫ്‌ഐ.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹീം വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. അതേസമയം പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടി അംഗീകരിക്കില്ലെന്ന് എഐവൈഎഫ് അറിയിച്ചു.

റിയാബ് ചെയര്‍മാന്‍ തലവനായ വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ച്‌ കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെന്‍ഷന്‍ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. ഒന്നരലക്ഷം പേര്‍ക്കാണ് ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവര്‍ക്ക് കൂടുതല്‍ സര്‍വ്വീസ് ലഭിക്കും.

കെഎസ്‌ആര്‍ടിസി, കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും
അറ് ധനകാര്യകോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം ഏകീകരിച്ചത്. ഈ മൂന്ന് സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കും. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ആവശ്യം ശക്തമാക്കുകയാണ് സര്‍വ്വീസ് സംഘടനകള്‍.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം കൂട്ടല്‍ സര്‍ക്കാരിന്‍റെ നയപരമായ മാറ്റത്തിന്‍റെ സൂചനയായി കണക്കാക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം കൂട്ടുമോ എന്നുള്ളതാണ് ഇനിയുള്ള വലിയ ചോദ്യം. ശമ്ബളപരിഷ്ക്കരണ കമ്മീഷനും ഭരണപരിഷ്ക്കാര കമ്മീഷനും ധനകാര്യകമ്മീഷനും നേരത്തെ തന്നെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പെന്‍ഷന്‍ ഇനത്തില്‍ കൊടുക്കേണ്ട ഭാരിച്ച തുക കണക്കിലെടുത്ത് തവണ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ പലതവണ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പക്ഷെ യുവജന സംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. അടുത്ത ബജറ്റില്‍ പക്ഷേ പെന്‍ഷന്‍ പ്രായത്തിലെ മാറ്റത്തില്‍ നിര്‍ണ്ണായക തീരുമാനം വന്നേക്കാം.