വിഴിഞ്ഞം സമരത്തെ ചില ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്: മുഖ്യമന്ത്രി

single-img
6 December 2022

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായി നടക്കുന്ന സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിൽ സർക്കാർ സമരസമിതിയുടെ ഉന്നത നേതാവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

ഒരു കാരണത്താലും തുറമുഖ നിർമാണം നിർത്താൻ കഴിയില്ലെന്നും പ്രതിഷേധക്കാർ സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ സമരത്തെ ചില ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. “ഞാൻ ഒരു സ്റ്റേറ്റ്സ്‍മാൻ ആയി ആക്ട് ചെയ്യണം എന്നാണ് പ്രതിപക്ഷം പറയുന്നത്. സർക്കാരിന് വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി ചർച്ച നടത്തുന്നത്. ആഗസ്റ്റ് 16 നാണ് വിഴിഞ്ഞ സമരം തുടങ്ങുന്നത്. മന്ത്രിസഭ ഉപസമിതി ഓഗസ്റ്റ് 19 ന് ചർച്ച നടത്തി. 24 ന് വീണ്ടും ചർച്ച ചെയ്തു. അതായത് ഓഗസ്റ്റ് മാസത്തില്‍ രണ്ട് ചർച്ച നടത്തി. സെപ്തംബർ 5,23 തിയതികളില്‍ വീണ്ടും ചർച്ചകൾ നടന്നു. കൂടാതെ അനൗദ്യോഗിക ചർച്ചകൾ വേറെയും നടത്തിയിരുന്നു. വിഷയത്തില്‍ സർക്കാർ അലംഭാവം കാണിച്ചിട്ടില്ല.”- മുഖ്യമന്ത്രി വ്യക്തമാക്കി.

സമര സമിതി ഉയർത്തിയ 7 ആവശ്യങ്ങളില്‍ 5 ആവശ്യം നേരത്തെ അംഗീകരിച്ചതാണ്. നിലവിൽ പദ്ധതിയുടെ നിർമ്മാണം നിർത്തൽ ആവശ്യം അംഗീകരിച്ചില്ല. ബാക്കി ഉള്ളത് തീര ശോഷണ പഠനമാണ്. സമരത്തിന്‍റെ പ്രധാന നേതാവുമായി ഞാൻ ചർച്ച ചെയ്തു. സമരം നിർത്തണം എന്ന് ആവശ്യപ്പെട്ടു. പണി നിർത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

തീര ശോഷണം പഠിക്കാൻ സമിതിയെ വെക്കാമെന്നും അറിയിച്ചു. പൂർണ്ണ സമ്മതം എന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തെ ഏതോ ചിലർ നിയന്ത്രിക്കുന്നുണ്ടോ എന്ന് സ്വഭാവികമായും സംശയം തോന്നും. ആ സംശയം മുൻപും ഉണ്ടായിരുന്നു, 2014 ലും ഇങ്ങനെ ഒരു സംശയം ഉണ്ടെന്ന് അന്നത്തെ മന്ത്രി കെ ബാബു പറഞ്ഞിട്ടുണ്ട്. നിയമസഭാ രേഖ ഉദ്ധരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിഴിഞ്ഞം പദ്ധതിക്ക് പിന്നിൽ ആരെങ്കിലും പ്രവർത്തിക്കന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നായിരുന്നു അന്നത്തെ ചോദ്യം. അതിനാണ് കെ ബാബു മറുപടി പറഞ്ഞത്. പാരിസ്ഥിതിക പഠനത്തിനെതിരെ നിന്നവരെ കുറിച്ചായിരുന്നു അന്നത്തെ ചോദ്യമെന്ന് കെ ബാബു വ്യക്തമാക്കി.