ഞങ്ങളുടെ ഹൃദയം തകരും; റൊമാന്റിക് വേഷങ്ങൾ ചെയ്യില്ല എന്ന് പറയരുത്; ദുൽഖറിനോട് മൃണാൾ താക്കൂർ

single-img
3 September 2022

ദുൽഖർ സൽമാൻ നായകനായ വിവിധ ഭാഷാ ചിത്രം സീതാ രാമം ഇന്ത്യയൊട്ടാകെവിജയമായിരുന്നു . ഹനു രാഘവപുടി സംവിധാനം ചെയ്ത ഈ സിനിമ ബോക്‌സ് ഓഫിസിൽ വൻ നേട്ടമാണ് സ്വന്തമാക്കിയത്. ആദ്യം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിരുന്നു റിലീസ്.

ഈ സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പ്രൊമോഷൻ പരിപാടിക്കിടെ താൻ ഇനിമുതൽ പ്രണയ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് ദുൽഖർ പറഞ്ഞിരുന്നു. സീതാ രാമം തന്റെ അവസാന പ്രണയ ചിത്രം ആയിരിക്കുമെന്നും ദുൽഖർ അന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ, റൊമാന്റിക് ചിത്രങ്ങൾ ചെയ്യുന്നില്ലെന്ന ദുൽഖറിന്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുകയാണ് സീതാ രാമത്തിലെ നായികയായ മൃണാൾ താക്കൂർ. ദുല്‍ഖര്‍ അത്തരത്തിൽ ഒരു തീരുമാനമെടുത്താല്‍ താൻ അപ്‌സെറ്റാകുമെന്നും മൃണാൾ പറയുന്നു.

നടിയുടെ വാക്കുകൾ ഇങ്ങിനെ: ‘ഇത് ശരിയല്ല, ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അപ്സെറ്റാവും. എനിക്ക് റൊമാന്‍സ് ഇഷ്ടമാണ്. ഹിന്ദിയിൽ ഷാരൂഖ് സാര്‍ ചെയ്ത റൊമാന്‍റിക് കഥാപാത്രങ്ങള്‍ കണ്ടിട്ടില്ലേ. അദ്ദേഹത്തിന്‍റെ രാജ്, രാഹുല്‍ തുടങ്ങിയ കഥാപാത്രങ്ങൾ എത്ര മനോഹരമാണ്.

റൊമാന്‍സ് നിര്‍ത്തുന്നു എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാകില്ല. അങ്ങനെ പറയുന്നത് അവസാനിപ്പിക്കണം . ഞങ്ങളുടെ ഹൃദയം തകരും വേണമെങ്കില്‍ ബ്രേക്ക് എടുത്തോളൂ. പക്ഷേ നിര്‍ത്തുമെന്ന് പറയരുത്’ എന്നാണ് മൃണാൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.