ഡോക്ടർമാർ രോഗികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം; എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം: മന്ത്രി വീണ ജോർജ്

single-img
22 May 2024

ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാവാൻ പാടില്ലെന്ന് മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും ചർച്ചയിൽ ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.

ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നിർദ്ദേശം. ഒരു ടീമായി പ്രവർത്തിക്കണം. ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിങ് നടത്തേണ്ട. അങ്ങനെയുണ്ടായാൽ കർശന നടപടിയെടുക്കും.

ആലപ്പുഴ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗ്, ചികിത്സ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ, ആലപ്പുഴയിൽ തുടർച്ചയായി ചികിത്സ പിഴവ് തുടങ്ങി മെഡിക്കൽ കോളെജ് ആശുപത്രികൾക്കെതിരെ തുടരെ തുടരെ പരാതി ഉയർന്നതോടെയാണ് ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

രണ്ട് മെഡിക്കൽ കോളേജുകളുടെയും പ്രിൻസിപ്പാൾമാർ, ആശുപത്രി സൂപ്രണ്ടുമാർ തുടങ്ങിയവരെ വിളിച്ചുവരുത്തിയിരുന്നു. ആശുപത്രി പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. രോഗികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം. ഒരു ടീമായി പ്രവർത്തിക്കണം. സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുത്. സ്വകാര്യപ്രാക്ടീസ് പിടിച്ചാൽ കർശന നടപടിയുണ്ടാകും. ചികിത്സ രേഖകളും മരുന്ന് കുറിപ്പടികളും ഡിജിറ്റലാക്കണം.