സന്യാസിമാര്‍ക്കെതിരെ പരാതി നല്‍കുകയോ കോലം കത്തിക്കുകയോ ചെയ്യരുത്; എനിക്കെതിരെയുള്ള കേസുകള്‍ നിയമപരമായി നേരിടും: ഉദയനിധി സ്റ്റാലിൻ

single-img
7 September 2023

രാജ്യവ്യാപകമായി വലതുപക്ഷ- സംഘപരിവാർ സംഘടനകളിൽ നിന്നും രൂക്ഷമായ വിമര്‍ശനം നേരിട്ടിട്ടും ‘സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യുക’ എന്ന പരാമര്‍ശത്തില്‍ ഉറച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ബിജെപി ഇപ്പോൾ നടത്തുന്നത് അതിജീവന മുറയാണെന്നും മറ്റ് ഏത് രീതിയില്‍ അതിജീവിക്കുമെന്ന് അവര്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉയർത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ഉദയനിധി.

തനിക്കെതിരെ ആഹ്വാനങ്ങൾ നടത്തിയ സന്യാസിമാര്‍ക്കെതിരെ പരാതി നല്‍കുകയോ അവരുടെ കോലം കത്തിക്കുകയോ ചെയ്യരുത്. തനിക്കെതിരെയുള്ള കേസുകള്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ സന്യാസി ഉദയനിധിയുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഈ പ്രതികരണം.

ഇപ്പോൾ വർഗീയ സംഘർഷം തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ 250 ലധികം പേര്‍ കൊല്ലപ്പെട്ടു. 7.5 ലക്ഷം കോടിയുടെ അഴിമതി നടന്നു. ഇത്തരത്തിലുള്ള വസ്തുതകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രത്തിൽ മോദിയും കൂട്ടരും സനാതന തന്ത്രം ഉപയോഗിക്കുന്നതെന്നും ഉദയനിധി ആരോപിച്ചു.