ബോക്സ് ഓഫിസിൽ ചരിത്രം കുറിച്ച് ‘ധുരന്ധർ’: 21 ദിവസത്തിൽ 1000 കോടി ക്ലബ്

റൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ‘ധുരന്ധർ’ ബോക്സ് ഓഫിസിൽ പുതിയ ചരിത്രം കുറിച്ചു. ഡിസംബർ 5-ന് റിലീസ് ചെയ്ത ചിത്രം വെറും 21 ദിവസങ്ങൾക്കുള്ളിലാണ് 1000 കോടി രൂപ എന്ന വിസ്മയ നേട്ടം കൈവരിച്ചത്. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ഒൻപതാമത്തെ ഇന്ത്യൻ ചിത്രമായി ‘ധുരന്ധർ’ മാറി.
റിലീസിന് മുൻപ് വലിയ പ്രമോഷനുകൾ ഇല്ലാതിരുന്നിട്ടും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം 2025-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി. നിലവിലെ കണക്കുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ 1006.7 കോടി രൂപയാണ് നേടിയത്, വരും ദിവസങ്ങളിലും കളക്ഷൻ ഉയരുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ സിനിമയിൽ 1000 കോടി ക്ലബ്ബിന് തുടക്കമിട്ടത് 2017ൽ എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി 2’ ആയിരുന്നു. തുടർന്ന് ‘ദംഗൽ’, ‘ആർ.ആർ.ആർ’, ‘കെജിഎഫ് 2’, ‘ജവാൻ’, ‘പത്താൻ’, ‘കൽക്കി 2898 എ.ഡി’ തുടങ്ങിയ ചിത്രങ്ങളും ഈ ചരിത്ര പട്ടികയിൽ ഇടം നേടി.


