മെഡിക്കല്‍ കോളജ് പീഡനം: 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍ ഒരാളെ പിരിച്ചുവിട്ടു

single-img
23 March 2023

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരാളെ പിരിച്ചു വിട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്.

നേരത്തെ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്‍റെ സഹപ്രവർത്തകരായ വനിത ജീവനക്കാരാണ് സമ്മർദം ചെലുത്തിയതായി ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ചു അതിജീവിതയുടെ ഭർത്താവാണ് പരാതി നൽകിയത്.

സമ്മ‍ർദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു. പരാതി ലഭിച്ചതോടെ യുവതിയെ ചികിത്സിക്കുന്ന വാര്‍ഡില്‍ സന്ദര്‍ശകരെ വിലക്കി സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.