ഡെങ്കിപ്പനി കേസുകള്‍ സംസ്ഥാനത്ത് ഉയരുന്നു;ഏഴ് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം

single-img
16 November 2022

തിരുവനന്തപുരം: ഡെങ്കിപ്പനി കേസുകള്‍ ഉയരുന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാന തലത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കാനും ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. മറ്റ് ജില്ലകളില്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണം. ഇതിനായി ജില്ലാതല കര്‍മ്മ പദ്ധതി നടപ്പാക്കണം.

അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം, ഫോഗിംങ് ശസ്ത്രീയമാക്കണം, നീണ്ടു നില്‍ക്കുന്ന പനി ശ്രദ്ധിക്കണമെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു.