ബി.ജെ.പി നേതാക്കളുടെ ബിഷപ്പ് ഹൗസ് സന്ദർശനം; വിമർശനവുമായി വി ഡി സതീശനും കെ സുധാകരനും രംഗത്ത്

single-img
9 April 2023

ഈസ്റ്റര്‍ ദിനത്തില്‍ ബി ജെ പിക്കാര്‍ ക്രിസ്ത്യന്‍ വീടുകളും ബിഷപ്പ് ഹൗസുകളും സന്ദർശിക്കുന്നതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും രംഗത്ത്.

ബി.ജെ.പി നേതാക്കള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞപ്പോൾ ഈസ്റ്റര്‍ ദിനത്തില്‍ ബി ജെ പിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ധൃതരാഷ്ട്രാലിംഗനത്തിനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകയില്‍ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് പറഞ്ഞത് ക്രൈസ്തവരെ ആക്രമിക്കണമെന്നാണ്. അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണ് എന്നാണ് ബിജെപി മന്ത്രി പറയുന്നത്. രാജ്യവ്യാപകമായി ഇതേ നിലപാടാണ് ബി.ജെ.പി ക്രൈസ്തവ സമൂഹത്തോട് കാണിക്കുന്നത്- വി ഡി സതീശൻ പറഞ്ഞു.

മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരതരത്‌നം പോലും പിന്‍വലിക്കണമെന്നാണ് ആർ.എസ്.എസ് നിലപാട്. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിനേയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു മക്കളെയും തീയിട്ടു ചുട്ടുകൊന്നതും അധഃസ്ഥിതരുടെ ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു കൊന്നതും 500 ഓളം പേര്‍ കൊല്ലപ്പെടുകയും 395 പള്ളികള്‍ തകര്‍ക്കുകയും ചെയ്ത ഒറീസയിലെ കാണ്ടമാല്‍ വര്‍ഗീയ ലഹളയും മറന്നിട്ടാണോ ഭവനസന്ദര്‍ശനത്തിനെത്തുന്നതെന്ന് ബിജെപിക്കാര്‍ വ്യക്തമാക്കണം എന്നാണ് കെ സുധാകരൻ ചോദിച്ചത്.