അശ്ലീല ആപ്പുകളുടെ മറവിൽ കോടികളുടെ സൈബർ തട്ടിപ്പ്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

അശ്ലീല ഉള്ളടക്കങ്ങൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷനുകളുടെ മറവിൽ രാജ്യവ്യാപകമായി വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ആകർഷകമായ പരസ്യങ്ങളിലൂടെയാണ് ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ ആപ്പുകൾ പ്രചരിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ഭാഗമായ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് (NCTAU) തട്ടിപ്പിന്റെ രീതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കളെ ആദ്യം അപരിചിതമായ വെബ്സൈറ്റുകളിലേക്ക് തിരിച്ചുവിടുന്നു. തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള എപികെ (APK) ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ആദ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ‘അപ്‌ഡേറ്റ്’ എന്ന പേരിൽ മറ്റൊരു ഫയൽ കൂടി ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. ഇതോടെ എസ്‌എംഎസ്, കോൺടാക്റ്റുകൾ, ഗാലറി, ഫയലുകൾ തുടങ്ങിയ സുപ്രധാന വിവരങ്ങളിലേക്കുള്ള അനുമതികൾ തട്ടിപ്പുകാർ കൈവശപ്പെടുത്തുകയും മൊബൈൽ ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്യുന്നു.
ചില വ്യാജ ആപ്പുകൾ ഫോണിൽ കൃത്രിമ വി.പി.എൻ സംവിധാനങ്ങളും ഇൻസ്റ്റാൾ ചെയ്യുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി ഉപയോക്താവിന്റെ ഇന്റർനെറ്റ് ട്രാഫിക് തട്ടിപ്പുകാർ നിയന്ത്രിക്കുന്ന സെർവറുകളിലേക്ക് തിരിച്ചുവിടുകയും ബാങ്കിംഗ് വിവരങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ ഡാറ്റ ചോർത്തുകയും സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്നു.
നൈറ്റ്‌പ്ലേ, റീലൂപ്, കിസ്, വിമോ, റിവോ, നെക്‌സോ, വിക്‌സ് എന്നീ പേരുകളിലും സമാന സ്വഭാവമുള്ള മറ്റ് വ്യാജ ആപ്പുകളിലൂടെയും തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകൾക്ക് പുറത്തുനിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യങ്ങളിലും സംശയാസ്പദമായ ലിങ്കുകളിലും ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സാമ്പത്തിക തട്ടിപ്പിനോ സൈബർ കുറ്റകൃത്യങ്ങൾക്കോ ഇരയായാൽ ഉടൻ തന്നെ 1930 എന്ന ദേശീയ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ഔദ്യോഗിക സൈബർ ക്രൈം പോർട്ടലായ cybercrime.gov.in വഴി പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.


