കെകെ ശൈലജക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ട്: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
16 April 2024

വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ. കെ ശൈലജയ്ക്ക് നേരെയുള്ള സൈബർ അക്രമണം അതിവ ഗൗരവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . അശ്ലീലം പ്രചരിപ്പിച്ച് ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്താനുള്ള യുഡിഎഫ് ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യുഡിഎഫ് നേതൃത്വമോ സ്ഥാനാർത്ഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നതെന്ന് വ്യക്തമാണ്. യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. യാതൊരു മറയുമില്ലാതെ സ്വന്തം ഐഡിയിൽ നിന്നാണ് യുഡിഎഫ് പ്രവർത്തകർ ഇത് ചെയ്യുന്നത്. നേതൃത്വം തങ്ങളുടെ കൂടെയുണ്ടെന്ന ബലത്തിലാണ് ഇത്തരത്തിലുള്ള അശ്ലീല പ്രചരണങ്ങൾ യുഡിഎഫ് പ്രവർത്തകർ നടത്തുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടുകൂടി തന്നെയാണ് ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അശ്ലീലത്തെ അശ്ലീലം കൊണ്ട് നേരിടുകയെന്ന നിലപാട് സിപിഎം സ്വീകരിക്കുന്നില്ല.അശ്ലീല പ്രചരണത്തിന് പിന്നിൽ ബോധപൂർവ്വം പ്രവർത്തിക്കുന്ന ചില മാധ്യമങ്ങൾ കൂടിയുണ്ട്.വടകരയിൽ കേന്ദ്രസേന വരുന്നതിൽ യാതൊരു കുഴപ്പവും സിപിഎമ്മിന് ഇല്ല.

കേരളത്തിൽ ഏറ്റവും ആദ്യം എൽഡിഎഫ് ജയിക്കുന്ന മണ്ഡലം വടകര ആയിരിക്കും. അതിനീ കേന്ദ്രത്തിന്റെ ഏത് സേന വന്നാലും വടകര സിപിഎമ്മിന് ഒപ്പം നിൽക്കുമെന്നും ശൈലജ കൂട്ടിച്ചേർത്തു.