പാഠ്യപദ്ധതി പരിഷ്‌കരണം; തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവർക്കെതിരെ നിയമനടപടി : മന്ത്രി വി ശിവന്‍കുട്ടി

single-img
14 December 2022

സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി.

സാംസ്‌കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ ഒരു പരാമര്‍ശം ഒരു ലീഗ് നേതാവില്‍ നിന്ന് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടതായും നേതാവിന്റെ പരാമര്‍ശങ്ങളോടുള്ള നിലപാട് ലീഗ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ജനകീയ ചര്‍ച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്. ലീഗ് നേതാവിന്റെ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്കുള്ള കുറിപ്പില്‍ ഉണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടി ആക്കി തല്ലിക്കൊല്ലുന്ന പ്രയോഗത്തിനാണ് ലീഗ് നേതാവ് ശ്രമിക്കുന്നതെന്നും ശിവന്‍കുട്ടി ആരോപിച്ചു.

.”സ്‌കൂളും അധ്യാപക രക്ഷകര്‍തൃ സമിതിയും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് എടുക്കുന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് തലത്തില്‍ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അതിനിയും തുടരുക തന്നെ ചെയ്യും. പാഠ്യപദ്ധതി പരിഷ്‌കരണ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. സുതാര്യമായി തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.