‘വസ്ത്രത്തിന്റെ നീളത്തിലല്ല സംസ്കാരം’; സൈബർ ട്രോളുകൾക്കെതിരെ ഐശ്വര്യ ലക്ഷ്മി

single-img
10 September 2026

വസ്ത്രധാരണത്തെച്ചൊല്ലിയുള്ള സൈബർ ട്രോളുകൾക്കും വിമർശനങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി ഐശ്വര്യ ലക്ഷ്മി. താൻ ഏത് വസ്ത്രം ധരിക്കണമെന്ന കാര്യത്തിൽ മറ്റാരോടും വിശദീകരണം നൽകേണ്ടതില്ലെന്നും ഒരാളുടെ സംസ്കാരം വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ അല്ലെന്നും താരം തുറന്നടിച്ചു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് സമീപകാല വിവാദങ്ങളിൽ ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചത്.

തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ആദ്യം വലിയ തമാശയായാണ് കണ്ടതെന്നും പിന്നീട് അത് കോമഡി-ട്രാജഡിയായി മാറിയെന്നും താരം പറഞ്ഞു. താൻ തിരഞ്ഞെടുത്ത ചില വസ്ത്രങ്ങൾ ശരിയായ തീരുമാനമല്ലെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആത്മവിശ്വാസത്തിന്റെ ഭാഗമായാണ് ആ വേഷങ്ങൾ തിരഞ്ഞെടുത്തതെന്നും ഐശ്വര്യ വ്യക്തമാക്കി.

തിരുവനന്തപുരത്തെ പഴവങ്ങാടിയിൽ നടന്ന ഒരു ഡയമണ്ട് എക്സിബിഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി വലിയ രീതിയിലുള്ള ക്യാമറക്കൂട്ടവും തുടർന്ന് സൈബർ ട്രോളുകളും ഉണ്ടായതെന്ന് താരം പറഞ്ഞു.

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ മുഖത്തിന് പകരം ശരീരഭാഗങ്ങളിലേക്ക് മാത്രം മൊബൈൽ ക്യാമറകൾ ഫോക്കസ് ചെയ്യുന്ന രീതിയെയും ഐശ്വര്യ ലക്ഷ്മി രൂക്ഷമായി വിമർശിച്ചു. ‘ഞങ്ങൾക്ക് നിങ്ങളുടെ മുഖം വേണ്ട’ എന്ന തരത്തിലാണ് ചില ക്യാമറകൾ പ്രവർത്തിച്ചതെന്നും ഇത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നും താരം പറഞ്ഞു.

താൻ കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചതുപോലും ചിലർ വളച്ചൊടിച്ച് കമന്റുകൾക്ക് ഉപയോഗിച്ചെന്നും ഐശ്വര്യ വ്യക്തമാക്കി. സംസ്കാരം ഒരാളുടെ വസ്ത്രധാരണത്തിലല്ല, മറിച്ച് അയാളുടെ പെരുമാറ്റത്തിലാണ് പ്രകടമാകുന്നതെന്നും താരം പറഞ്ഞു.

മലയാളി പ്രേക്ഷകർ പലപ്പോഴും സ്നേഹത്തോടെ സമീപിക്കാറുണ്ടെങ്കിലും വിമർശനങ്ങളിലേക്ക് കടക്കുമ്പോൾ ചിലർ അതിരുകടക്കാറുണ്ടെന്നും ഐശ്വര്യ ലക്ഷ്മി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ചർച്ച ചെയ്യപ്പെടേണ്ട നിരവധി ഗൗരവമേറിയ വിഷയങ്ങൾ നിലനിൽക്കുമ്പോൾ ഒരു സ്ത്രീയുടെ വസ്ത്രധാരണവും ക്ലീവേജും മണിക്കൂറുകളോളം ചർച്ച ചെയ്യുകയും ട്രോളുകൾക്ക് വിഷയമാക്കുകയും ചെയ്യുന്നതിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു.

ജി.ഡി.പി വളർച്ച, വയോജനങ്ങളുടെ പ്രശ്നങ്ങൾ, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് പകരം ഇത്തരം അനാവശ്യ കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിൽ അമിത പ്രാധാന്യം നൽകുന്ന പ്രവണതയെയാണ് ഐശ്വര്യ ലക്ഷ്മി ചോദ്യം ചെയ്തത്.