ഇറാനിലെ അമേരിക്കൻ ആക്രമണം ആഗോള പാരിസ്ഥിതിക ദുരന്തത്തിന് വഴിവെക്കുമെന്ന് വിമർശനം

single-img
6 November 2026

ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ മാത്രമല്ല, ലോകത്താകെ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിമർശനം. എണ്ണ സംഭരണശാലകൾക്കും ശുദ്ധീകരണശാലകൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ അന്തരീക്ഷ മലിനീകരണത്തിനും സമുദ്ര ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്കും കാരണമായെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

ദി ഗാർഡിയൻ, ക്ലൈമറ്റ് ആൻഡ് കമ്മ്യൂണിറ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ റിപ്പോർട്ടുകൾ ഉദ്ധരിച്ച് യുദ്ധത്തിന്റെ ആദ്യ 14 ദിവസങ്ങളിൽ മാത്രം 50.55 ലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡിന് തുല്യമായ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെട്ടതായി ലേഖനം പറയുന്നു. ഇറാനിലെ എണ്ണ സംഭരണശാലകളിലെ തീപിടിത്തത്തെത്തുടർന്ന് വിഷപ്പുകയും രാസമാലിന്യങ്ങളും അന്തരീക്ഷത്തിലും ജലസ്രോതസ്സുകളിലും വ്യാപിച്ചതായും ആരോപണമുണ്ട്.

ലാവാൻ ദ്വീപിലെ എണ്ണ ശുദ്ധീകരണശാലയ്ക്കു നേരെയുണ്ടായ ആക്രമണം എണ്ണച്ചോർച്ചയ്ക്കും സമുദ്രജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിക്കും കാരണമായതായി ലേഖനം ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിലെ സംഘർഷം കപ്പൽ ഗതാഗതത്തെയും ഇന്ധനവിതരണത്തെയും ബാധിച്ചതോടെ അധിക കാർബൺ പുറന്തള്ളലിനും സാഹചര്യമൊരുങ്ങി.

ഇന്ധനവിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ വീണ്ടും കൽക്കരി വൈദ്യുതിയെ ആശ്രയിക്കേണ്ടിവന്നതായും ലേഖനം ആരോപിക്കുന്നു. യുദ്ധത്തിന്റെ ആഘാതം ഇറാന്റെ അതിർത്തികൾക്കപ്പുറം ആഗോള കാലാവസ്ഥാ സംരക്ഷണ ശ്രമങ്ങളെയും ബാധിക്കുമെന്ന മുന്നറിയിപ്പോടെയാണ് അമേരിക്കൻ സൈനിക നടപടികളെ ലേഖനം വിമർശിക്കുന്നത്.