ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്നു; സല്‍മാന്‍ ഖാന്റെ ധോത്തി ഡാന്‍സിനെതിരെ വിമർശനം

single-img
9 April 2023

സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ സിനിമയായ ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിലെ ധോത്തി ഡാന്‍സിനെതിരെ വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ”യെന്റമ്മാ യെന്റമ്മാ..” നിന്നാരംഭിക്കുന്ന ഡപ്പാംകൂത്ത് ഗാനത്തിലെ സൽമാന്റെ വസ്ത്രധാരണം കസവുമുണ്ടും ഷര്‍ട്ടും ഷൂസുമാണ്.

ഈ വേഷവിധാനം ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്ന തരത്തില്‍ ഉപയോഗിച്ചുവെന്നാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ആരോപിക്കുന്നത്. മാത്രമല്ല, ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്ന രീതിയും തെറ്റാണെന്നും യെന്റമ്മാ എന്ന ഗാനരംഗം റീട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇത് അങ്ങേയറ്റം പരിഹാസ്യവും നമ്മുടെ സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇതൊരു ധോത്തിയാണ്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പിക്കുന്ന തരത്തിലാണ് ഗാനത്തില്‍ കാണിച്ചിരിക്കുന്നത്’. ധോത്തിയും ലുങ്കിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.