ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദം വിശദമായി പരിശോധിക്കാന്‍ സിപിഎം

single-img
18 November 2022

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദവും സര്‍വകലാശാലകളിലെ നിയമനവും സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. തുടർച്ചയായി ഉണ്ടാകുന്ന നിയമന വിവാദങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. അതേപോലെ തന്നെ ജാഗ്രതക്കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യോഗം വിലയിരുത്തി.

കത്ത് വിവാദം പ്രതിപക്ഷത്തിന് ആയുധമായി മാറി. കോര്‍പ്പറേഷനിലെ പ്രതിഷേധം വ്യാപകമാകുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയാണ് നേതൃത്വം പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാനാണ് നീക്കം. ജില്ലാ കമ്മിറ്റി കത്ത് വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം വിവാദങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

ഇതോടൊപ്പം തന്നെ പ്രിയ വര്‍ഗീസിന്റെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ഹൈക്കോടതി റദ്ദാക്കിയതും യോഗം ചര്‍ച്ച ചെയ്തു. വൈസ് ചാന്‍സലര്‍മാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കും. ഗവര്‍ണര്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും യോഗം തീരുമാനിച്ചു.