സിപിഎം തീവ്രവാദി സംഘടന; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം ചേരില്ല: മമത ബാനർജി

single-img
10 January 2024

സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിപിഎം ഒരു തീവ്രവാദി സംഘടനയാണെന്ന് മമത വിമര്‍ശിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഎമ്മുമായി സഖ്യം ചേരില്ലെന്നും മമത തീരുമാനിച്ചതോടെ പ്രതിപക്ഷ ഇന്‍ഡ്യാ മുന്നണി പ്രതിരോധത്തിലായി. തങ്ങളുടെ പോരാട്ടം ബിജെപിക്കും ഇടതുപക്ഷത്തിനും എതിരെയാണെന്നും മമത പറഞ്ഞു.

‘തീവ്രവാദ സംഘടനയായ സിപിഎം ബിജെപിയെ സഹായിക്കുകയാണ്. ബംഗാളിൽ അധികാരത്തിൽ ഇരുന്ന 34 വര്‍ഷം അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്. എന്തൊക്കെ ആനുകൂല്യങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ടിഎംസി ഭരണത്തില്‍ 20,000 ല്‍ അധികം പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. അവര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഒന്നും ലഭിച്ചില്ല.’ മമത ബാനര്‍ജി പറഞ്ഞു. പോരാട്ടം ബജെപിക്കും ഇടതുപക്ഷത്തിനും എതിരെയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

അതേസമയം സിപിഎം, കോണ്‍ഗ്രസ്, ടിഎംസി എന്നീ മൂന്ന് പാര്‍ട്ടികള്‍ക്കും സംസ്ഥാനത്ത് ഒരു പൊതുവേദിയില്‍ വരാന്‍ പ്രയാസമാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതോടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ‘പ്രതിപക്ഷ ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി ഞങ്ങള്‍ ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടുന്നത് തുടരും, എന്നാല്‍ ബംഗാളിലെ ടിഎംസിയുമായി ഒരിക്കലും ധാരണയുണ്ടാകില്ല,’ എന്നായിരുന്നു പ്രതികരണം.