ചാന്‍സലര്‍ സ്ഥാനം ഉപയോഗിച്ച് ഗവർണർ സര്‍വ്വകലാശാലകളില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു; സിപിഎം സംസ്ഥാനകമ്മിറ്റിയുടെ രൂക്ഷ വിമർശനം

single-img
29 August 2022

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാനകമ്മിറ്റിയിൽ ഉണ്ടായത് രൂക്ഷ വിമർശനം എന്ന് റിപ്പോർട്ട്. ചാന്‍സലര്‍ സ്ഥാനം ഉപയോഗിച്ച് ഗവർണർ സര്‍വ്വകലാശാലകളില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ഗവർണ്ണർ ശ്രമിക്കുന്നത് എന്നാണു സംസ്ഥാന കമ്മറ്റിയിൽ വിമർശനം ഉയർന്നത്. ഗവര്‍ണറുമായുള്ള പോരില്‍ വിട്ടുവീഴ്ച വേണ്ടെന്നും സിപിഎം സംസ്ഥാനകമ്മിറ്റി ധാരണയായി.

ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെയും സര്‍ക്കാര്‍ കാര്യങ്ങളില്‍ അനാവശ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായം പറഞ്ഞും നടക്കുന്ന ഗവര്‍ണര്‍ അമിതാധികാരം പ്രയോഗിക്കുകയാണ്. മന്ത്രിസഭയ്ക്ക് മുകളിലല്ല ഗവര്‍ണറുടെ അധികാരമെന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതി വിധികള്‍ സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും നിലവില്‍ അത്തരത്തിലുള്ള കടുത്ത നിയമനടപടികളിലേക്ക് നീങ്ങേണ്ടെന്നാണ് നേതൃത്വത്തിലെ ധാരണ.

നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതിരുന്നാല്‍ നിയമനടപടി വേണമോ രാഷ്ട്രീയപ്രതിരോധം മതിയോ എന്ന് അപ്പോള്‍ തീരുമാനിക്കാം എന്നുമാണ് സംസ്ഥാന കമ്മറ്റിയിൽ ഉണ്ടായ ധാരണ.

സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറുമാരെ ഉപയോഗിച്ച് ഭരണത്തെ പ്രതിസന്ധിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും യോഗം വിലയിരുത്തി.