ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ജനാധിപത്യ വിരുദ്ധം; ഡൽഹി പോലീസിനെതിരെ പിണറായി വിജയൻ

ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമം ശക്തമായി അപലപിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഡൽഹി പോലീസിന്റെ നടപടി ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾക്കുമെതിരായ ഗുരുതരമായ കടന്നാക്രമണമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കോടതിയിൽ പരിഗണനയിലുള്ള ഒരു പഴയ കേസിന്റെ പേരിൽ പാർട്ടി ഓഫീസിൽ കടന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനും സംഘപരിവാർ ശക്തികൾക്കുമെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായാണ് ഈ നീക്കത്തെ കാണേണ്ടതെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
വിദ്യാർഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ കള്ളക്കേസുകളിലൂടെ തകർക്കാനോ, ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാനോ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐയും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളും ഭീഷണികൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ വഴങ്ങുന്നവരല്ലെന്നും കേന്ദ്ര സർക്കാർ അത് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാൻ ഡൽഹി പോലീസ് നടത്തിയ നീക്കം അപലപനീയമാണെന്നും, ഐഷി ഘോഷിനും എസ്എഫ്ഐ പ്രവർത്തകർക്കും ഐക്യദാർഢ്യം അറിയിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. ഈ വേട്ടയാടൽ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


