വായിൽതോന്നിയത് വിളിച്ചു പറയുന്നു ; കെ സുധാകരന് എതിരെ പരാതിയുമായി കോൺഗ്രസുകാർ രംഗത്ത്

single-img
20 December 2023

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം മുറുകുന്നു . കെ സുധാകരൻ്റെ തുടർച്ചയായ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിൽ പരാതി എത്തിക്കഴിഞ്ഞു. എതിരാളികൾ വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സാഹചര്യത്തിൽ അവർക്ക് അപ്രതീക്ഷിതമായി ആയുധം കെപിസിസി പ്രസിഡൻ്റ് തന്നെ നൽകുന്നു എന്നാണ് സുധാകരനെതിരെ ഉയരുന്ന ആരോപണം.

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അനുകൂലമായ പ്രസ്താവന നടത്തിയതിലൂടെ പ്രതിസന്ധിയിലായിരുന്ന സിപിഎമ്മിനും സർക്കാരിനും വലിയ നേട്ടം ഉണ്ടായെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. ഏതാനും നാളുകളായി കെപിസിസി അധ്യക്ഷൻ്റെ സഞ്ചാരം വിവാദങ്ങളുടെ കൂടെയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദ്യം ഒരു പ്രസ്താവന നടത്തുകയും തുടർന്ന് അത് വിവാദമാകുമ്പോൾ തിരുത്തി രംഗത്തെത്തുകയും ചെയ്യുന്നത് കെപിസിസി അധ്യക്ഷൻ്റെ സ്ഥിരം രീതിയാണെന്നും വിമർശനം ഉയരുന്നു. വിഷയത്തിൽ എഐസിസി നേതൃത്വത്തിനും കോൺഗ്രസിലെ ചില നേതാക്കൾ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

ഡിസംബർ അവസാനത്തോടെ അമേരിക്കയിൽ ചികിത്സയ്ക്കായി സുധാകരൻ പോകാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന കെപിസിസി ഭാരവാഹി യോഗത്തിൽ ഇതു സംബന്ധിച്ചുള്ള സൂചനകളും അദ്ദേഹം നൽകിയിരുന്നു. പക്ഷേ അധ്യക്ഷൻ്റെ പകരം ചുമതല ആർക്കും നൽകുന്നില്ലെന്നാണ് വിവരം. നിർണ്ണായക ഘട്ടത്തിൽ പാർട്ടിയെ നയിക്കുന്ന അധ്യക്ഷൻ തന്നെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവന നടത്തുന്നതിൽ കോൺഗ്രസിൽ മാത്രമല്ല യുഡിഎഫിലും വലിയ രീതിയിലുള്ള അമർഷമാണ് ഉയരുന്നത്. സുധാകരൻ്റെ അടുത്തകാലത്ത് ഉണ്ടായ പല പ്രസ്താവനകളും മുസ്ലിം ലീഗിന് വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയതും പരാതിയിൽ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.