പേടിഎം മാതൃകയിൽ പേ സിഎം; കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ കോൺഗ്രസിന്റെ പോസ്റ്റർ പ്രചരണം

single-img
21 September 2022

കർണാടകയിൽ ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസിന്റെ പോസ്റ്റർ പ്രചരണം. പേടിഎം മാതൃകയിൽ പേ സിഎം എന്നെഴുതിയ പോസ്റ്റർ പതിച്ചുള്ള പ്രചാരണവുമായാണ് കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആർ കോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിൽ നൽകിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ‘ഫോർട്ടി പേഴ‍്‍സന്റ് സർക്കാര ഡോട്ട് കോം’ എന്ന വെബ്സൈറ്റിലേക്കെത്തും. അഴിമതികൾ റിപ്പോർട്ട് ചെയ്യാനെന്ന പേരിൽ കോൺഗ്രസ് തന്നെ തയ്യാറാക്കിയ വെബ്സൈറ്റാണ് ഇത്.

സംസ്ഥാനത്തെ ജനങ്ങളോട് അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്യാനും പരാതി നൽകാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ കോൺഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അഴിമതിയുടെ തെളിവുകള്‍ ഉള്‍പ്പടെ വെബ്സൈറ്റില്‍ നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അഴിമതിയുമായി ബന്ധപ്പെട്ട സംവാദത്തിന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ‌‌‌ പക്ഷെ താൻ ഈ ബ്ലാക്ക്മെയിലിങ് വിദ്യയിൽ വീഴില്ലെന്നായിരുന്നു ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നത്.