2016-ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ്: മുഖ്യമന്ത്രി

നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.2016-ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി. സുരേന്ദ്രൻ പിള്ളയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം.മറ്റൊരു മണ്ഡലത്തിൽ സ്വന്തം നേതാവിനെ വിജയിപ്പിക്കാനായി കോൺഗ്രസ് നേമത്ത് വോട്ട് മറിച്ചതാണ് ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.
കൺവെൻഷൻ വേദിയിൽ തടിച്ചുകൂടിയ പ്രവർത്തകർ മുഖ്യമന്ത്രി എത്തിയപ്പോൾ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു.
എന്നാൽ പ്രസംഗത്തിനായി എഴുന്നേറ്റ ശേഷവും മുദ്രാവാക്യം വിളി തുടർന്നതോടെ പ്രവർത്തകരെ മുഖ്യമന്ത്രി വേദിയിൽ വെച്ച് ശാസിച്ചു.പ്രസംഗത്തിലുടനീളം വിദ്യാഭ്യാസ മന്ത്രി കൂടിയായ വി. ശിവൻകുട്ടിയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങളെ പ്രശംസിച്ച മുഖ്യമന്ത്രി, ഇടതുപക്ഷത്തിന്റെ തുടർച്ച ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു.


