കോണ്‍ഗ്രസിന് അവരുടെ ഐഡന്റിറ്റി മനസ്സിലാവുന്നില്ല; ബിജെപി പറഞ്ഞകാര്യങ്ങള്‍ ചെയ്യും: അനിൽ ആന്റണി

single-img
21 April 2024

തനിക്കെതിരെ ആരോപണം ഉന്നയിച്ച ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.

പത്തനംതിട്ട മണ്ഡലം ഇപ്പോൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആന്റോ ആന്റണി എംപിക്കെതിരായ ജനവികാരം വോട്ടാകും. പ്രതികൂലമായ ഘടകങ്ങള്‍ മണ്ഡലത്തില്‍ ഇല്ലെന്നും അനില്‍ ആത്മവിശ്വാസം പങ്കുവെച്ചു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയും സിപിഎം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയും ഒര വേദി പങ്കിടുകയാണ്. കേരളത്തില്‍ എത്തുമ്പോള്‍ മാത്രമാണ് പ്രശ്‌നം.

സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായിയും രാഹുലും പരസ്പരം വിമര്‍ശിക്കുന്നത്. ഇരട്ടത്തപ്പാണെന്നും അനില്‍ ആന്റണി പറഞ്ഞു. ബിജെപി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താന്‍ നോക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ജാതീയമായ വിഭജിക്കാനാണെന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന് അവരുടെ ഐഡന്റിറ്റി മനസ്സിലാവുന്നില്ല. ബിജെപി പറഞ്ഞകാര്യങ്ങള്‍ ചെയ്യുമെന്നും അനില്‍ ആന്റണി അവകാശപ്പെട്ടു.

അതേസമയം ബിജെപിയിലേക്ക് പോകാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വിമര്‍ശനം നേരിട്ടിട്ടില്ലേയെന്ന ചോദ്യത്തോട്, ആര് എന്തൊക്കെ പറഞ്ഞാലും അനില്‍ ആന്റണിക്ക് ഒരു വിഷന്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയിലാണ് താന്‍. വിമര്‍ശനത്തിന്റെ പത്തിരട്ടി പിന്തുണ ലഭിക്കുന്നുണ്ടെന്നായിരുന്നു മറുപടി.

ഒരുപക്ഷെ പത്തനംതിട്ടയിലായിരുന്നു കുടുംബത്തിന് വോട്ടെങ്കില്‍ അച്ഛന്‍ ആന്റണി ഉള്‍പ്പെടെ എല്ലാവരുടെയും വോട്ട് പ്രതീക്ഷിക്കുമായിരുന്നുവെന്നും അനില്‍ ആന്റണി പറഞ്ഞു.