പിസിസി അംഗങ്ങളെ തീരുമാനിച്ചതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം; ഹൈക്കമാന്റിന് പരാതി നല്‍കി കൊടിക്കുന്നില്‍

single-img
25 February 2023

കേരളത്തിലെ പിസിസി അംഗങ്ങളെ തീരുമാനിച്ചതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെ തയ്യാറാക്കിയ പട്ടിക അംഗീകരിക്കില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. നിലവിൽ പട്ടികയ്ക്ക് എതിരെ വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഹൈക്കമാന്റിന് പരാതി നല്‍കി.

കൂടിയാലോചനകള്‍ നടത്തി തന്നെയാണ് പട്ടിക പ്രഖ്യാപിച്ചതെന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സംവരണത്തിലൂടെയാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന ആക്ഷേപമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പക്ഷെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇത് തള്ളുകയായിരുന്നു.