കൊക്കെയ്ൻ ഉപയോഗം കണ്ടെത്തി; ഓസീസ് താരം ക്രിസ് ലിന്നിന് ഒരു മാസത്തെ വിലക്ക്

ആന്റി ഡോപ്പിങ് പരിശോധനയിൽ കൊക്കെയ്ൻ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് ഒരു മാസത്തെ വിലക്ക്. ഇംഗ്ലണ്ടിൽ നടന്ന ടി20 ബ്ലാസ്റ്റ് ഫൈനൽസ് ദിനത്തിൽ നോർത്താംപ്ടൺഷെയറിനായി കളിക്കുന്നതിനിടെ നടത്തിയ പതിവ് പരിശോധനയിലാണ് 36കാരനായ താരത്തിന്റെ മൂത്രസാമ്പിളിൽ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്തിയത്. പരിശോധനാഫലം പുറത്തുവന്നതോടെ ലിൻ കുറ്റം സമ്മതിച്ചു.
കൊക്കെയ്‌ന്റെ മെറ്റാബൊലൈറ്റായ ബെൻസോയ്‌ലെക്‌ഗോനൈൻ ചെറിയ അളവിലാണ് സാമ്പിളിൽ കണ്ടെത്തിയത്. ചട്ടപ്രകാരം മൂന്ന് മാസത്തെ വിലക്കിന് അർഹതയുണ്ടായിരുന്നെങ്കിലും ലഹരിവിരുദ്ധ പുനരധിവാസ പരിപാടി വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് ശിക്ഷ ഒരു മാസമായി കുറച്ചു. മത്സരസമയത്തല്ല ലഹരി ഉപയോഗിച്ചതെന്നും കായിക പ്രകടനം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നില്ലെന്നുമുള്ള താരത്തിന്റെ വിശദീകരണവും ശിക്ഷാ ഇളവിന് പരിഗണിച്ചു.
ഓസ്ട്രേലിയക്കായി അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ള ക്രിസ് ലിൻ ബിഗ് ബാഷ് ലീഗിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനാണ്. അടുത്ത മാസം ആരംഭിക്കുന്ന പുതിയ ബിഗ് ബാഷ് സീസണിൽ മെൽബൺ റെനഗേഡ്സിനായി താരം കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.


