കഴിച്ചത് 15 കോടി വിലവരുന്ന 63 കൊക്കെയ്ൻ ഗുളികകൾ; ടാൻസാനിയൻ സ്വദേശി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ
ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ നിറച്ച 63 ഗുളികകൾ കഴിച്ച ഒരു ടാൻസാനിയക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ആഗസ്റ്റ് ഒന്നിന് ഡാർ എസ് സലാമിൽ നിന്ന് (ടാൻസാനിയ) അഡിസ് അബാബ, ദോഹ വഴി ഡൽഹിയിലെത്തിയ ഇയാളെ പിടികൂടി.
“അന്വേഷണത്തിനിടെ മയക്ക് മരുന്നോ സൈക്കോട്രോപിക് പദാർത്ഥങ്ങളോ അടങ്ങിയ ക്യാപ്‌സ്യൂളുകൾ കഴിച്ചതായി യാത്രക്കാരൻ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് യാത്രക്കാരനെ മെഡിക്കൽ നടപടിക്രമങ്ങൾക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി,” കസ്റ്റംസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ഇവിടെ ആശുപത്രിയിൽ കഴിയുമ്പോൾ, ” 63 (അറുപത്തിമൂന്ന്) ക്യാപ്‌സ്യൂളുകൾ കണ്ടെത്തി , ഈ ക്യാപ്‌സ്യൂളുകൾ മുറിച്ച് തുറന്നപ്പോൾ, 998 ഗ്രാം ഭാരമുള്ള മയക്കുമരുന്ന് പദാർത്ഥമാണെന്ന് സംശയിക്കുന്ന വൈറ്റ് കളർ പൗഡർ / തരികൾ കണ്ടെടുത്തു, പരിശോധനയിൽ കൊക്കെയ്നിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ” പ്രസ്താവന പറഞ്ഞു.
998 ഗ്രാം ഭാരമുള്ള കൊക്കെയ്‌നിൻ്റെ മൂല്യം 14.97 കോടി രൂപയോളം വരും . യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് പിടികൂടുകയും ചെയ്തിട്ടുണ്ട്.