ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ

single-img
24 October 2022

ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രി നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അണികളെ രംഗത്തിറക്കി ഗവര്‍ണറെ നേരിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെങ്കില്‍ തിരിച്ചും ജനങ്ങള്‍ പ്രതികരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്ക് എതിരെ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

അതേസമയം, ആര്‍എസ്എസ് എന്ന ചാപ്പകുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആര്‍എസ്എസ് അജന്‍ഡയായി ചിത്രീകരിക്കുന്നത് ഭരണഘടനയെയും സുപ്രീംകോടതിയെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.