ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ബിജെപിയുമായി പരസ്പരം ഡീല്‍ നടത്തുന്ന നിലയിലേക്ക് മുഖ്യമന്ത്രി പോയി: കെസി വേണുഗോപാല്‍

കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു. എറണാകുളത്ത് നടന്ന സംഭവത്തിലൂടെ പോലീസിന്റെ വൈകൃതമായ മുഖം വീണ്ടും പുറത്തുവന്നിരിക്കുകയാണെന്നും, സ്ത്രീകൾക്ക് ഭയമില്ലാതെ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗർഭിണിയായ സ്ത്രീയെ എറണാകുളത്ത് ഒരു സി.ഐ. മർദിച്ച സംഭവം അതീവ ഗൗരവകരമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
സ്ത്രീകളോടുള്ള പോലീസിന്റെ സമീപനത്തിന്റെ യഥാർത്ഥ ചിത്രം തന്നെയാണ് എറണാകുളത്തെ മർദന ദൃശ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് കേരള പോലീസ് ഇത്തരത്തിലായിരുന്നില്ലെന്നും, സർക്കാരിന്റെ ഭരണനയങ്ങളാണ് പോലീസിനെ ഈ നിലയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ക്രിമിനലുകളെ സംരക്ഷിക്കാൻ സിപിഎം ഉപയോഗിക്കുന്നതിന്റെ ഫലമായി പോലീസ് സേന തന്നെ ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണെന്നും ഇത് അത്യന്തം ലജ്ജാകരമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കസ്റ്റഡിയിലെടുക്കുന്നവരെ ക്രൂരമായി മർദിക്കുന്ന സംഭവങ്ങൾ പൊതുജനം അറിയാതെ പോകുന്നുണ്ടെന്നും, വർഷങ്ങളായുള്ള നിയമപോരാട്ടങ്ങൾക്കൊടുവെയാണ് ഇത്തരം പീഡനങ്ങൾ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്ത് നേരിട്ടതും സമാനമായ പീഡനമാണെന്നും, നിയമപരിപാലനത്തിന് പേരുകേട്ട കേരള പോലീസിനെ മർദനോപകരണമായി മാറ്റിയിരിക്കുകയാണെന്നും വേണുഗോപാൽ വിമർശിച്ചു. സമീപകാലത്ത് ലോക്കപ്പ് മർദനങ്ങളുടെ പരമ്പരയാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച തിളക്കമാർന്ന വിജയം മുന്നണിയുടെ ഐക്യപ്പെട്ട പ്രവർത്തനത്തിന്റെ ഫലമാണെന്ന് വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ.സി. വേണുഗോപാൽ പറഞ്ഞു. യുഡിഎഫിന്റെ വിജയത്തിൽ എല്ലാ ഘടകകക്ഷികൾക്കും പങ്കുണ്ടെന്നും, കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങൾ ശക്തമായ ഭരണവിരുദ്ധ വികാരമാണ് പ്രകടിപ്പിച്ചതെന്നും, ഭരണവിരുദ്ധ വികാരമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു.
സിപിഎമ്മും ബിജെപിയും തുടർച്ചയായി നടത്തുന്ന ഒത്തുതീർപ്പുകളുടെ ഭാഗമാണ് വൈസ് ചാൻസലർ നിയമനമെന്നും, പി.എം. ശ്രീ പദ്ധതി, ലേബർ കോഡ്, ദേശീയപാത അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ഇതേ ഒത്തുകളി രാഷ്ട്രീയം പ്രകടമാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ദേശീയപാത അഴിമതി ലോക്സഭയിൽ താൻ ഉന്നയിച്ചപ്പോൾ ഉപരിതല ഗതാഗത മന്ത്രി തന്നെ അത് സമ്മതിച്ചിട്ടുണ്ടെന്നും, എന്നിട്ടും അഴിമതിയെക്കുറിച്ച് കേരള സർക്കാരിന് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ധൃതികാണിക്കുന്നത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം വിമർശിച്ചു.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുതീർപ്പ് അന്തർധാരയുടെ ഭാഗമാണെന്നും, പരസ്പരം മുമ്പ് ഉന്നയിച്ച ആക്ഷേപങ്ങളും ആരോപണങ്ങളും ഇരുവരും മറന്നതിന്റെ പിന്നിൽ ഉയർന്ന തലത്തിലുള്ള ഇടപെടലുണ്ടായിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ബിജെപിയുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി രാഷ്ട്രീയമാണ് വിസി നിയമനത്തിലും പ്രകടമായതെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാർത്ഥികളുടെ ഭാവി തുലച്ചുകൊണ്ട് ഗവർണർക്കെതിരെ എസ്.എഫ്.ഐ നടത്തിയ സർക്കാർ പിന്തുണയുള്ള സമരങ്ങൾ വെറും നാടകമായിരുന്നുവെന്ന് ഭരണകൂടത്തിന്റെ ഈ നിലപാട് മാറ്റത്തിലൂടെ തെളിഞ്ഞതായും കെ.സി. വേണുഗോപാൽ പറഞ്ഞു. ജനങ്ങളെ ഇരുട്ടിലാക്കി ബിജെപിയുമായി രഹസ്യ ഇടപാടുകൾ നടത്തുന്ന നിലയിലേക്ക് മുഖ്യമന്ത്രി എത്തിയിരിക്കുകയാണെന്നും, ഇതിനെതിരെ സിപിഎമ്മിനുള്ളിൽ തന്നെ അമർഷം ഉയരുന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത് യുഡിഎഫാണെന്നും, അത്തരം വിഷയങ്ങൾ നിലവിൽ ഉണ്ടായിട്ടുണ്ടോയെന്ന് തനിക്ക് വ്യക്തമായ വിവരം ഇല്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.


