മുഖ്യമന്ത്രിയും സംഘവും നോര്‍വെയിലെത്തി

single-img
5 October 2022

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും നോർവെയിലെത്തി. നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചു. നോർവെയിലെത്തിയ മുഖ്യമന്ത്രി ഇന്ന് നോർവേ ഫിഷറീസ് മന്ത്രിയുമായി ചർച്ച നടത്തും. നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

നോർവേ സന്ദർശനത്തിന് ശേഷം യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കും മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കും. വിദ്യാഭ്യാസം , ആരോഗ്യം , ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. രണ്ട് ദിവസം മുൻപ് യാത്ര പുറപ്പെടാനായിരുന്നു നിശ്ചയിച്ചതെങ്കിലും സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ അപ്രതീക്ഷിത വിയോഗത്തെ തുട‍ര്‍ന്ന് യാത്ര അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാത്തതിൽ രാജ്ഭവന് അതൃപ്തി എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് മുഖ്യമന്ത്രിയും സംഘവും 10 ദിവസത്തെ സന്ദർശനത്തിന് യൂറോപ്പിലേക്ക് പുറപ്പെട്ടത്. കണ്ണൂരിൽ നേരിട്ട് കണ്ടപ്പോൾ മാത്രമാണ് യാത്രാവിവരം മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞത് എന്നും, രേഖാമൂലം അറിയിച്ചില്ല എന്നുമാണ് രാജ്ഭവന് കേന്ദ്രങ്ങൾ പറയുന്നത്.