മുഖ്യമന്ത്രി ഇടപെട്ടു ; തൃശൂർ പൂരം പ്രതിസന്ധി പരിഹരിച്ചു

single-img
29 December 2023

അനിശ്ചിതാവസ്ഥയിലായിരുന്ന ഇത്തവണത്തെ തൃശൂർ പൂരം പ്രതി സന്ധി പരിഹരിച്ചു. പൂരം നടക്കുന്ന എക്സിബിഷൻ ഗ്രൗണ്ടിന്‍റെ വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ ചർച്ചയിൽ അറിയിച്ചതോടെയാണ് ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധി തീർന്നത്. ഇക്കുറി രണ്ടു കോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ നിലപാട് തളളിയാണ് കഴിഞ്ഞ വർഷം നൽകിയ തുക ഇക്കൊല്ലവും നൽകിയാൽ മതിയെന്ന തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്.

അതേസമയം തുക സംബന്ധിച്ച തർക്കത്തിൽ ഇത്തവണത്തെ പൂരം കഴിഞ്ഞ ശേഷം ചർച്ച തുടരും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും തൃശൂർ ജില്ലയിലെ മന്ത്രിമാരും കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ദേവസ്വങ്ങൾ നന്ദി അറിയിച്ചു. കേരളാ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെത്തുടർന്നാണ് ജി എസ് ടി യടക്കം 42 ലക്ഷമായിരുന്ന തറവാടക 2.20 കോടിയായി ഉയർത്താൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ഇത് രാഷ്‌ടീയ വിവാദമാകുകയും തുടർന്ന് കോൺഗ്രസും ബി ജെ പി യും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് ഐക്യദാർഡ്യവുമായി രംഗത്തെത്തിയിരുന്നു. ബുധനാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ വിഷയം അവതരിപ്പിക്കാനുള്ള പാറമേക്കാവിന്‍റെ നീക്കമാണ് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കിയത്. ചൊവ്വാഴ്ച കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ പകൽപ്പൂരം കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു.