ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താൻ പറ്റും; ബിഷപ്പ് പാംപ്ലാനിക്കെതിരെ മുഖ്യമന്ത്രി

single-img
22 March 2023

പ്രതിപക്ഷ പാർട്ടികളുടെ ശബ്ദം രാജ്യത്തെ പാർലമെന്റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ ഇപ്പോൾ പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു. കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ ഇഎംഎസ്, എകെജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ നമ്മുടെ രാജ്യത്തെ ഭരണഘടനാ സ്ഥാനങ്ങളെ കൈപ്പിടിയിൽ ഒതുക്കുകയാണ്. എല്ലാം ആർഎസ്എസിന്റെ കൈയിൽ ഒതുങ്ങണമെന്നാണ് അവർ ചിന്തിക്കുന്നത്. ഇന്ത്യൻ ജുഡീഷ്യറിയ്ക്ക് സ്വാതന്ത്ര സ്വഭാവം പാടില്ലെന്നും തങ്ങൾക്ക് അലോസരം ഉണ്ടാകാൻ പാടില്ലെന്നതുമാണ് ആർഎസ്എസിന്റെ നിലപാട്. പരമോന്നത കോടതിക്ക് പോലും പരസ്യമായി കാര്യങ്ങൾ പറയേണ്ടി വരുന്നുവെന്നും പിണറായി പറഞ്ഞു.ഒരു വർഗീയതയോടും കേരളത്തിൽ വിട്ടു വീഴ്ച ഇല്ലാത്ത സമീപനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ നിർഭാഗ്യവശാൽ കേരളത്തിൽ മതവിഭാഗങ്ങളിലെ ചിലരെ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങളിലെ ചില പ്രധാനികളെ ഇവർ സമീപിക്കുന്നുണ്ട്. പക്ഷെ വലിയ സ്വീകാര്യത അതിനു കിട്ടുന്നില്ല. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താൻ പറ്റും. ആ ചിലർ പൊതുവായതല്ല പൊതുവികാരവുമല്ലെന്ന് മുഖ്യമന്ത്രി ബിഷപ്പ് പാംപ്ലാനിക്കെതിരായ പരോക്ഷ വിമർശനത്തിൽ വ്യക്തമാക്കി.

മതിനിരപേക്ഷത സംരക്ഷിക്കപ്പെടണം എന്നാണ് പൊതു വികാരം. വർഗീയതയുടെ ഏറ്റവും വലിയ രൂപമാണ് ആർഎസ്എസ്. അതിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപി. അത് ആർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. മതനിരപേക്ഷ ചിന്താഗതിക്കാർ ഇവരെ മാറ്റി നിർത്തുകയാണ്.സ്വാഭാവികമായും വെപ്രാളമുണ്ടാകും.

ഏതെങ്കിലും അവസരവാദികളായ ആളുകളെ സുഖിപ്പിക്കുന്ന വാർത്തമാനത്തിന് കിട്ടുമെന്ന് കരുതി അത് പൊതുവികാരമെന്നു കരുതണ്ട. ബി ജെ പി അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളം. കേരളത്തിൽ ഒരു സീറ്റ് കിട്ടാൻ വേണ്ടി ജനസംഘമായ കാലം മുതൽ കളി തുടങ്ങിയതാണ്. ഒരു ബിജെപി നേതാവ് നിയമ സഭയിൽ വരുന്നത് 2016 ലാണ്. ചരിത്രം മറക്കരുത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.