കേരളത്തില്‍ 5 ദിവസം മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്; 2 ജില്ലകളില്‍ ഇന്ന് മഴ

single-img
23 April 2023

സംസ്ഥാനത്ത് ചൂട് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വേനല്‍മഴ എന്നു പെയ്യുമെന്ന് കാത്താണ് എല്ലാവരും നില്‍ക്കുന്നത്.

മാര്‍ച്ച്‌ ഒന്ന് മുതല്‍ മേയ് 30 വരെയാണ് വേനല്‍ മഴയ്ക്ക് സാധ്യത. ചൂട് കൂടുന്നതല്ലാതെ പല സ്ഥലങ്ങളിലും വേനല്‍മഴ ലഭിച്ചിട്ടില്ല. അടുത്ത അ‍ഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പറയുന്നത്.

ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ഞായറാഴ്ച ശക്തമായ മഴ ഉണ്ടാവുമെന്നാണ് പറയുന്നത്. ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരും മണിക്കൂറുകളില്‍ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം ചൂട് കൂടിവരികയാണ്. ഇന്ന് കേരളത്തില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്കാണ് സാധ്യത. പകല്‍ ചൂട് 35 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടരാനാണ് സാധ്യത. മഴ തീരെ ലഭിക്കാത്തത് വടക്കന്‍ കേരളത്തിലാണ്. വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. മലയോര മേഖലയിലാണ് ഇതുവരെ കാര്യമായ മഴ ലഭിച്ചത്.