സിനിമാ ടിക്കറ്റിന് ഇനി സെസ്; കർണാടകയിലെ ആയിരത്തോളം മൾട്ടിപ്ലക്‌സ് സ്ക്രീനുകൾക്ക് ബാധകം

കർണാടകയിലെ മൾട്ടിപ്ലക്‌സ് തിയേറ്ററുകളിലെ സിനിമാ ടിക്കറ്റുകൾക്ക് രണ്ട് ശതമാനം സെസ് ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സെപ്റ്റംബർ 30 മുതൽ പുതിയ സെസ് നിലവിൽ വരും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായാണ് സെസിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കുക.
കർണാടകയിലെ ആയിരത്തോളം മൾട്ടിപ്ലക്‌സ് സ്ക്രീനുകൾക്കും പുതിയ തീരുമാനം ബാധകമായിരിക്കും. അതേസമയം, സർക്കാർ തീരുമാനത്തിനെതിരെ മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.
സിനിമാ ടിക്കറ്റുകൾക്ക് സെസ് ഏർപ്പെടുത്തുന്നതിനുള്ള ബിൽ രണ്ട് വർഷം മുൻപാണ് കർണാടക നിയമസഭ പാസാക്കിയത്. തുടർന്ന് ഗവർണറുടെ അംഗീകാരവും ലഭിച്ചു. എന്നാൽ വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് നിയമം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുന്നത് വൈകുകയായിരുന്നു.
ഇപ്പോൾ എതിർപ്പുകൾ മറികടന്ന് തീരുമാനം നടപ്പാക്കാൻ സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കിയിരിക്കുകയാണ്. ഇതോടെ സെപ്റ്റംബർ 30 മുതൽ കർണാടകയിലെ മൾട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റുകൾക്ക് രണ്ട് ശതമാനം അധിക സെസ് ഈടാക്കും.


