കേന്ദ്രസര്‍ക്കാരിന് കോര്‍പ്പറേറ്റുകളോട് വല്ലാത്ത അഭിനിവേശമാണ്: മുഖ്യമന്ത്രി

single-img
20 December 2022

രാജ്യത്ത് കോൺഗ്രസ് തുടക്കമിട്ട ആഗോളവത്കരണം ബിജെപി അതിനേക്കാൾ തീവ്രമായാണ്‌ നടപ്പാക്കുന്നതെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസര്‍ക്കാരിന് കോര്‍പ്പറേറ്റുകളോട് വല്ലാത്ത അഭിനിവേശമാണെന്നും തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവരുകയാണെന്നും അദ്ദേഹം പറഞ്ഞു .

എട്ട് മണിക്കൂർ ജോലി, മിനിമം കൂലി, സംഘടിക്കാനുള്ള അവകാശം എന്നിവയെല്ലാം ഇല്ലാതാക്കുകയാണ്. സംസ്ഥാനത്തിന്‌ അർഹമായ ജിഎസ്‌ടി വിഹിതംപോലും നിഷേധിക്കുകയാണ്‌. സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നതിന്‌ അനുവദിച്ചിരുന്ന കേന്ദ്രവിഹിതം നിർത്തലാക്കി. വിഹിതം സംബന്ധിച്ച്‌ കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾ ഇവിടുത്തെ ചില പെട്ടിപ്പാട്ടുകാരും ആവർത്തിക്കുന്നു. കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തസ്തിക നികത്തുന്നില്ല.

10 ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 82 ശതമാനം പേരാണ് അസംഘടിത മേഖലയിലുള്ളത്. അവരുടെ ജീവിതം അതീവ ദുരിതപൂർണമാണ്. ഇവിടെയാണ് കേരളത്തിന്റെ ബദൽ നയത്തിന്റെ പ്രസക്തി. സംരംഭക വർഷം പദ്ധതിയും പിഎസ്‌സിയും ലൈഫും തൊഴിലുറപ്പുമെല്ലാം ബദലിന്റെ ഭാഗമാണ്‌. ഇതിനെയെല്ലാം എതിർക്കുകയാണ്‌ കേന്ദ്രം. കേരളം സാമൂഹ്യ സുരക്ഷാപദ്ധതികൾക്ക്‌ അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നാണ്‌ കേന്ദ്രം പറയുന്നത്‌. ഇതിനായി കടമെടുക്കുന്നതുപോലും വിലക്കുന്നു. ഈ നിലപാട്‌ തൊഴിലാളികൾ ചെറുത്തുതോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു .

രാജ്യത്തെ പൊതുമേഖലകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് ശ്രമം. സംസ്ഥാനത്തിന് കടമെടുക്കാനുള്ള അര്‍ഹമായ വിഹിതം നിഷേധിക്കുന്ന നിലയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായി. 780 കോടി രൂപയുടെ കുടിശികയാണ് നിലവില്‍ കേരളത്തിനുള്ളത്. അത് ഉടനെ നല്‍കും എന്ന പ്രസ്താവന കേന്ദ്രം നടത്തുമ്പോള്‍, സംസ്ഥാനങ്ങളോട് കാട്ടുന്ന മറ്റ് അവഗണകൾ അതിന്റെ മറവില്‍ നീതീകരിക്കാനാകുന്നവയല്ല.

കേരളത്തില്‍ നല്‍കുന്ന കൂലി രാജ്യത്തെ മറ്റിടങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കുന്നതുമായി താരതമ്യപ്പെടുത്തിയാല്‍ ഏറ്റവും ഉയര്‍ന്നാണുള്ളതെന്ന് റിസര്‍വ് ബാങ്ക് തന്നെ രേഖപ്പെടുത്തിയതാണ്. ജനപക്ഷ ബദൽനയം ഉയർത്തിപ്പിടിക്കുന്ന കേരളത്തെ കേന്ദ്രസർക്കാർ ശ്വാസംമുട്ടിക്കുകയാണ്. സ്വകാര്യവത്കരണമല്ലാതെ മറ്റുവഴിയില്ലെന്ന് മോദി സർക്കാർ പറയുമ്പോൾ ബദലുണ്ടെന്ന്‌ തെളിയിക്കുകയാണ്‌ കേരളം. രാജ്യത്തെ മുച്ചൂടും മുടിക്കുന്ന നയങ്ങൾക്ക്‌ ബദലുയർത്തുന്നതിനാലാണ്‌ കേരളത്തോട് കേന്ദ്രത്തിന് ശത്രുതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .