കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ തുടർച്ചയായ അവഗണന; വീടുകയറി പ്രചാരണം നടത്താൻ സിപിഎം

single-img
23 December 2022

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ തുടർച്ചയായ അവഗണനയ്‌ക്കെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി. ജനുവരി 20 മുതൽ 31 വരെ ലോക്കൽതലത്തിൽ ആദ്യഘട്ട പ്രക്ഷോഭം ആരംഭിക്കും. ജനുവരി 1 മുതൽ 21 വരെ വീടുകയറി പ്രചാരണം നടത്തും. കേന്ദ്ര നിലപാടും സംസ്ഥാന സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങളും ജനങ്ങളോട് വിശദീകരിക്കും. ജനങ്ങൾക്ക് പറയാനുള്ളത്‌ പാർടി കേൾക്കുമെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ നടത്തുന്ന പലനീക്കങ്ങൾക്കുമൊപ്പം കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നടപടികളും കേന്ദ്രം കൈക്കൊള്ളുകയാണെന്നും സിപിഎം ആരോപിക്കുന്നു . കുടിശ്ശികയോ അർഹമായ വിഹിതമോ ജിഎസ്‌ടി ആനുകൂല്യമോ സംസ്ഥാനത്തിന് കേന്ദ്രം തരുന്നില്ല. കേരളത്തിന് തരാനുള്ള തുകയിൽ കുടിശ്ശികയുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രി തന്നെ സമ്മതിച്ചതാണ്.

സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രത്തിന് ഒരു പദ്ധതിയുമില്ല. കിഫ്‌ബി, ട്രഷറി നിക്ഷേപം, പിഎഫ്‌ എന്നിവയുടെ പേരുപറഞ്ഞ്‌ സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി കൂടി കേന്ദ്രം ഇല്ലാതാക്കുകയാണ്‌. 24,638 കോടി രൂപയുടെ വായ്പയാണ്‌ ഇതുമൂലം കേരളത്തിന് നഷ്ടമാകുന്നതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി കൂട്ടിച്ചേർത്തു.