കേരളത്തിലെ റബ്ബർ കൃഷി തകർത്തേ അടങ്ങൂവെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ: തോമസ് ഐസക്

single-img
19 December 2022

കേരളത്തിലെ റബ്ബർ കൃഷി തകർത്തേ അടങ്ങൂവെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് . 1947-ലെ റബ്ബർ ആക്ട് പിൻവലിച്ച് പകരം റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നിയമമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര വാണിജ്യ വകുപ്പ്. ഈ നിയമത്തിൽ റബ്ബർ ബോർഡിനെ ഒരു റബ്ബർ സ്റ്റാമ്പ് ആക്കാനേ പരിപാടി ഇട്ടിരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു .

1947-ലെ നിയമ പ്രകാരം റബ്ബർ സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുംമുമ്പ് റബ്ബർ ബോർഡിനെ കൺസൾട്ട് ചെയ്യണമായിരുന്നു. ഇതിനു പകരം റബ്ബർ ബോർഡിനെ മറികടക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനു പുതിയ നിയമം നൽകുന്നു. ഏതു വ്യവസായത്തെയും റബ്ബർ ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഒഴിവു നൽകാൻ കേന്ദ്ര സർക്കാരിന് അവകാശം നൽകുന്നു. ഇഷ്ടമുള്ള അംഗങ്ങളെ നിയമിക്കാം. ബോർഡിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്നതായി തോമസ് ഐസക് പറഞ്ഞു.

ഇപ്പോൾ നീതി ആയോഗ് പറയുന്നത് ഈ റബ്ബർ സ്റ്റാമ്പുപോലും വേണ്ടെന്നാണ്. റബ്ബർ ബോർഡ് വേണ്ടെന്നുവയ്ക്കാൻ നീതി ആയോഗ് ശുപാർശ ചെയ്തത്രേ. റബ്ബർ ബോർഡ് ഇല്ലാതാകുന്നതോടെ റബ്ബർ മേഖല പൂർണ്ണമായും കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലേക്കു നീങ്ങും. വാണിജ്യവിളകൾക്കെല്ലാം പ്രത്യേകം ബോർഡുകൾ സ്വാതന്ത്ര്യാനന്തര കാലത്തു രൂപം നൽകിയിരുന്നു. ഈ ബോർഡുകളിൽ കൃഷിക്കാർക്കും പ്ലാന്റർമാർക്കുമായിരുന്നു മുൻകൈ. കയറ്റുമതി-ഇറക്കുമതി തീരുമാനങ്ങൾ ബോർഡുകളുടെ ശുപാർശ പ്രകാരമായിരുന്നു. എന്നാൽ വിദേശ വ്യാപാര ഉദാരവൽക്കരണത്തോടെ ഈ സ്ഥിതിവിശേഷം മാറി. കമ്പോള ഇടപെടലുകൾക്കുള്ള ബോർഡുകളുടെ അധികാരം പടിപടിയായി ഇല്ലായ്മ ചെയ്തു. കാപ്പിയിലാണ് ഇതു സമ്പൂർണ്ണമായത്. കാപ്പി കോർപ്പറേറ്റുകളുടെ പിടിയിലായതോടെ കാപ്പിക്കുരുവിന്റെ വിലയും തകർന്നു.

കൃഷിയെ സംബന്ധിച്ച ബിജെപിയുടെ കാഴ്ചപ്പാട് കോർപ്പറേറ്റുകളുടേതാണ്. കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിന് രണ്ടാം ഹരിത വിപ്ലവം അനിവാര്യമാണെന്നാണ് അവർ കരുതുന്നത്. ഒന്നാം ഹരിത വിപ്ലവത്തിൽ നിന്നു വ്യത്യസ്തമായി ജലസേചിത പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാവില്ല പുതിയ തന്ത്രം. വാണിജ്യ വിളകളെയും ഹരിത വിപ്ലവ തന്ത്രപരിധിയിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. പക്ഷേ ആരാണ് ഇതിനു നേതൃത്വം നൽകുക. സർക്കാർ ഏജൻസികളോ വിള ബോർഡുകളോ ആയിരിക്കില്ല. ആഗ്രി ബിസിനസ് കോർപ്പറേഷനുകളായിരിക്കും. കൃഷിക്കാർ അവരുമായി കരാറിൽ ഏർപ്പെട്ടാൽ മതി. അവർ വായ്പയും വിപണിയും സാങ്കേതികവിദ്യയുമെല്ലാം ഉറപ്പാക്കിക്കൊള്ളും. ഇങ്ങനെയൊരു ഭാവിയാണ് ബിജെപി റബ്ബർ കൃഷിക്കാർക്കു വാഗ്ദാനം ചെയ്യുന്നത്. അപ്പോൾ പിന്നെ എന്തിനു റബ്ബർ ബോർഡ് എന്നും അദ്ദേഹം ചോദിക്കുന്നു .

ജി.എസ്.ടി വന്നപ്പോൾ റബ്ബർ സെസ് ജി.എസ്.ടിയിൽ ലയിച്ചു. എന്നാൽ പകരം റബ്ബർ ബോർഡിന് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. അതിന്റെ ഫലമായി കൃഷിക്കാർക്കുള്ള ആനുകൂല്യം റബ്ബർ ബോർഡ് നിർത്തലാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഇന്നത്തെ ദൗർബല്യം മരങ്ങളുടെ പ്രായാധിക്യമാണ്. അവ അടിയന്തരമായി വെട്ടിമാറ്റി റീ-പ്ലാന്റ് ചെയ്യണം. പക്ഷേ, റീ-പ്ലാന്റിംഗിനുള്ള സബ്സിഡി ഇല്ലാതായി. എന്നാൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ തോട്ടങ്ങൾ വച്ചു പിടിപ്പിക്കുന്നതിനു വലിയ തോതിൽ സബ്സിഡി നൽകുകയും ചെയ്യുന്നു.

ഇപ്പോഴും ഇന്ത്യയിലെ 90 ശതമാനം റബ്ബറും ഉൽപ്പാദിപ്പിക്കുന്നതു കേരളമാണ്. പക്ഷേ റബ്ബർ ബോർഡിൽ കേരളത്തിന് ഉണ്ടായിരുന്ന പ്രത്യേക പരിഗണനകളെല്ലാം അവസാനിപ്പിക്കുകയാണ്. മേലുദ്യോഗസ്ഥ തലത്തിൽപ്പോലും പുറത്തുള്ളവരെയാണ് കൂടുതൽ നിയമിക്കുന്നത്. കേരളത്തിലെ റബ്ബർ കൃഷിയെ മുച്ചൂടും മുടിപ്പിക്കാനാണ് ഏതാണ്ട് വൈരാഗ്യബുദ്ധിയോടെ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ഈ ഗൂഡപദ്ധതിക്കെതിരെ കേരളം ഒറ്റക്കെട്ടായി ഉണരണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.