കേന്ദ്ര സർക്കാരും എൻസിബിയും മയക്കുമരുന്ന് ഭീഷണി ഗൗരവത്തോടെ നേരിടുന്നില്ല: എഎ റഹിം

single-img
14 December 2022

മയക്കുമരുന്ന് കേസുകളിൽ ശിക്ഷാ നിരക്കിൽ രാജ്യത്ത് കേരളം മുന്നിലാണെന്നും കേന്ദ്ര സർക്കാരും എൻസിബിയും മയക്കുമരുന്ന് ഭീഷണി ഗൗരവത്തോടെ നേരിടുന്നില്ലെന്നും എഎ റഹിം എംപി. എ എ റഹീം എംപിയുടെ ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, രാജ്യത്തുടനീളമുള്ള നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമുള്ള കേസുകളുടെ എണ്ണവും ശിക്ഷാ നിരക്കും പുറത്തുവിട്ടു.

മാത്രമല്ല, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത കേസുകളുടെയും വിവരം ലഭ്യമായി എൻ‌ഡി‌പി‌എസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകൾ കാണിക്കുന്നത് ഏറ്റവും ഉയർന്ന ശിക്ഷാ നിരക്കൊടെ കേരളം എല്ലാ സംസ്ഥാനങ്ങളേക്കാളും മുന്നിലാണെന്നാണ്. 2021ൽ കേരളത്തിൽ 5695 കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 98.9 ശതമാനമായിരുന്നു. ദേശീയ ശരാശരി 78.1 ശതമാനം മാത്രമാണ്. അതേസമയം, ബിജെപിയുടെ മാതൃകാ സംസ്ഥാനമായ ഗുജറാത്തിൽ വെറും 461 കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 33.3 ശതമാനം മാത്രമാണ്. ഇതുവരെ ബിജെപി ഭരിച്ചിരുന്ന ഹിമാചൽ പ്രദേശിൽ 31 ശതമാനമാണ് ശിക്ഷാ നിരക്ക്. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ അരുണാചൽ പ്രദേശിൽ ശിക്ഷാ നിരക്ക് 16.7 ശതമാനം മാത്രമാണ്.

മയക്കുമരുന്ന് വിപത്തിനെ കേരള സർക്കാർ വളരെ ഗൗരവത്തോടെയാണ് നേരിടുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നതായി റഹിം പറഞ്ഞു. നിരവധി കേസുകളിൽ പോലും ശിക്ഷാ നിരക്ക് വളരെ ഉയർന്നതും 100 ശതമാനത്തിനടുത്തുമാണ്. പോലീസ് സമഗ്രമായ ഇൻ്റലിജൻസ് ശേഖരണവും അന്വേഷണവും നടത്തുന്നുണ്ടെന്നും പ്രോസിക്യൂഷൻ അതീവ ഗൗരവത്തോടെയാണ് നടക്കുന്നതെന്നും ഇത് കാണിക്കുന്നു. ഇത് ഗുജറാത്ത് പോലുള്ള ബിജെപി സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

കുറഞ്ഞ ശിക്ഷാ നിരക്ക് കാണിക്കുന്നത് അവിടെയുള്ള സർക്കാരുകൾ മയക്കുമരുന്ന് വിപത്തിനെ നേരിടുന്നതിൽ ഗൗരവമുള്ളവരല്ല എന്നാണ്. അന്വേഷണത്തിലും പ്രോസിക്യൂഷനിലുമുള്ള അലംഭാവം കുറഞ്ഞ ശിക്ഷാ നിരക്കിലേക്ക് നയിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷിയും മയക്കുമരുന്ന് മാഫിയകളും തമ്മിലുള്ള ഒത്തുകളിയൊണ്ടെന്ന ആരെങ്കിലും ആരോപിച്ച് അവരെ കുറ്റം പറയാനാവില്ലെന്നും റഹിം ആരോപിക്കുന്നു.

രാജ്യ വ്യാപകമായി എൻസിബി രജിസ്റ്റർ ചെയ്ത 125 കേസുകളിൽ 2018ൽ 81.68 ശതമാനമായിരുന്നു അഖിലേന്ത്യാ ശിക്ഷാ നിരക്ക്. ഇത് 2021ൽ 77 കേസുകളിൽ 62 ശതമാനമായും 2022ൽ 80 കേസുകളിൽ 56.25 ശതമാനമായും കുറഞ്ഞുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. എൻ‌ഡി‌പി‌എസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മയക്കുമരുന്ന് കടത്തിനെയും നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ഉപയോഗത്തെയും നേരിടാൻ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രധാന ദേശീയ ഏജൻസിയുടെ ശിക്ഷാ നിരക്ക് കുറയുന്നത് ഭയാനകമാണ്.

മയക്കുമരുന്ന് വിപത്തിനെ നേരിടുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള ഗൗരവമില്ലായ്മയാണ് ഇത് കാണിക്കുന്നത്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ഉപകരണങ്ങളായി ബിജെപി തുടർച്ചയായി ഉപയോഗിക്കുന്നത് അവയുടെ ഫലപ്രാപ്തിയെ ബാധിച്ചിരിക്കാമെന്നും എല്ലാ ഏജൻസികളെയും രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നതിനുപകരം രാജ്യത്തെ മയക്കുമരുന്ന് കടത്ത് ഭീഷണി നേരിടാൻ സർക്കാർ ഗൗരവമായ നടപടി സ്വീകരിക്കണമെന്നും എഎ റഹിം ആവശ്യപ്പെട്ടു..