ബിജെപി ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെയും ഒരു ഭാഷയെ മറ്റൊരു ഭാഷക്കെതിരെയും പോരടിപ്പിക്കുന്നു: രാഹുൽ ഗാന്ധി

single-img
11 January 2023

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ബിജെപി ജാതികളെയും ഭാഷകളെയും ബിജെപി പരസ്പരം പോരടിപ്പിക്കുന്നുവെന്നു രാഹുൽ ഗാന്ധി ആരോപിച്ചു. ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് ലെഗിൽ ഫത്തേഗഡ് സാഹിബിൽ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ ആക്രമണം നടത്തിയത്.

അവർ ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെയും ഒരു ഭാഷയെ മറ്റൊരു ഭാഷക്കെതിരെയും പോരടിപ്പിക്കുകയാണ്. അവർ രാജ്യത്തെ പൊതു അന്തരീക്ഷം നശിപ്പിച്ചു- രാഹുൽ ഗാന്ധി പറഞ്ഞു. വിദ്വേഷം, തൊഴിലില്ലായ്മ, വിലക്കയറ്റം, അക്രമം എന്നിവയ്‌ക്കെതിരെ പോരാടാനും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയുമാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രാജ്യത്തിന് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വേറിട്ട പാത കാണിച്ചുകൊടുക്കണമെന്ന് ഞങ്ങൾക്ക് തോന്നി. അതാണ് യാത്ര തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

യാത്രയുടെ ഭാഗമായി രാവിലെ കോൺഗ്രസ് നേതാവ് ഗുരുദ്വാര ഫത്തേഗഡ് സാഹിബ് സന്ദർശിച്ച് പ്രാർത്ഥന നടത്തി. ജനുവരി 19 ന് ജമ്മു കാശ്മീരിൽ എത്തുന്നതിന് മുമ്പ് എട്ട് ദിവസങ്ങളിലായി യാത്ര പഞ്ചാബിന്റെ പല ഭാഗങ്ങളും സഞ്ചരിക്കും.