മന്ത്രിസഭാ പുനഃസംഘടന; തീരുമാനം ഓണത്തിന് ശേഷം; മന്ത്രിമാരെ പി ബി തീരുമാനിക്കും

single-img
29 August 2022

മന്ത്രി എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്തതോടെ മന്ത്രിസഭാ പുനഃസംഘടന ഉറപ്പായി. പ്രത്യേക നിയമസഭാസമ്മേളനം കഴിഞ്ഞാലുടൻ പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത എം.വി. ഗോവിന്ദൻ രാജിവെക്കുമെങ്കിലും മന്ത്രിസഭാ പുനഃസംഘടന ഓണം കഴിഞ്ഞേ ഉണ്ടാകൂ എന്നാണു ഇപ്പോൾ ലഭിക്കുന്ന സൂചന.

മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാലും സമ്പൂർണ്ണ അഴിച്ചു പണി ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെയും സി പി എം മനസ്സ് തുറന്നിട്ടില്ല. എം.വി.ഗോവിന്ദന്‍ രാജിവെക്കുന്നതോടെ സജി ചെറിയാന്റെ ഉൾപ്പടെ രണ്ടു ഒഴുവുകൾ ആകും മന്ത്രിസഭയിൽ ഉണ്ടാകുക. എന്നാൽ നിയമസഭാ കയ്യാങ്കളി കേസിൽ ശിവൻകുട്ടിക്കെതിരെയുള്ള കേസ് കോടതിയിലേക്ക് വരുകയാണ്. അതിനു മുൻപ് അദ്ദേഹത്തെ കൂടി മാറ്റി സമഗ്ര അഴിച്ചുപണി വേണമോ എന്ന കാര്യമാണ് ഇപ്പോൾ ചർച്ച ആകുന്നത്.

എം.വി.ഗോവിന്ദന്‍ ഒഴിയുമ്പോൾ കണ്ണൂരിൽനിന്നുതന്നെ പകരക്കാരനുണ്ടാവാനാണ് സാധ്യത. മുഖ്യമന്ത്രിയും ഗോവിന്ദനും മാത്രമാണ് നിലവിൽ കണ്ണൂരിൽനിന്നുള്ള സി.പി.എം. മന്ത്രിമാർ. കെ.കെ. ശൈലജ തിരിച്ചെത്തുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അതിനുള്ള സാധ്യത ഇല്ല എന്നാണു നിലവിലെ സൂചന.

അതുപോലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആയി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ആനാവൂർ നാഗപ്പൻ തുടരുകയാണ്. സി പി എമ്മിൽ ഇത്തരം ഒരു കീഴ്വഴക്കം ഇല്ല. അതിനാൽ ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം എന്ന ഒരു അഭിപ്രായവും നിലവിലുണ്ട്. അങ്ങനെ എങ്കിൽ വർക്കല എം എൽ എ വി ജോയ് മന്ത്രി ആകാനുള്ള സാധ്യത ആണ് നിലവിൽ ഉള്ളത്. എന്നാൽ വി പ്രശാന്തിന്റെ പേരും സജീവ പരിഗണനയിൽ ഉണ്ട്.

കൂടാതെ ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്പീക്കറാക്കി എം.ബി. രാജേഷിനെ മന്ത്രിസഭയിൽ കൊണ്ട് വരണം എന്ന ഒരു അഭിപ്രായം ആദ്യം മുതലേ ഉണ്ടായിരുന്നു എങ്കിലും അതിലും സി പി എം ഇതുവരെയും മനസ്സ് തുറന്നിട്ടില്ല.