പുതിയ പരിശീലകനായുള്ള ബ്രസീലിന്റെ അന്വേഷണം സിദാനിലേക്ക്

single-img
27 December 2022

ഖത്തർ ലോകകപ്പിലെ പരാജയത്തിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ അന്വേഷണംമുൻ ഫ്രഞ്ച് താരം സിനദീന്‍ സിദാനില്‍ എത്തിനില്‍ക്കുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ വർഷം മെയ് മാസത്തില്‍ റയല്‍ പരിശീലന സ്ഥാനം രാജിവെച്ച ശേഷം സിദാന്‍ പുതിയ ടീമിലേക്ക് ചേക്കേറിയിരുന്നില്ല.

നിലവിൽ ദെഷാംസിന് ശേഷം ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായി സിദാന്‍ വരുമെന്ന അഭ്യൂഹങ്ങള്‍ മുമ്പ് ശക്തമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്‌ജി ക്ലബുകളുമായി ചേര്‍ത്തും സിദാന്റെ പേര് പറഞ്ഞുകേട്ടിരുന്നു. ഇപ്പോൾ ബ്രസീല്‍ പരിശീലന സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന അഞ്ചാം പേരാണ് സിനദീന്‍ സിദാന്റേത്.

കാര്‍ലോ ആഞ്ചലോട്ടി, ഹോസേ മോറീഞ്ഞോ, മൗറീഷോ പൊച്ചറ്റീനോ, തോമസ് ടുഷേല്‍, റഫേല്‍ ബെനിറ്റസ് എന്നിവരുടെ പേരുകള്‍ നേരത്തെ സജീവമായിരുന്നു. പുറത്താക്കപ്പെട്ട ഫെര്‍ണാണ്ടോ സാന്റോസിന് പകരം പോര്‍ച്ചുഗലും മോറീഞ്ഞോയ്‌ക്കായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഇതുവരെയായിട്ടില്ല. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഘട്ടം കടക്കാന്‍ ബ്രസീലിനാവാതെ വന്നതോടെ ഫെഡറേഷന്‍ വിദേശ കോച്ചിനായി ശ്രമിക്കുകയാണ് എന്നാണ് ഒരു ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.