ബോയിക്കോട്ട് ക്യാംപെയിനെ തകര്‍ത്തെറിഞ്ഞ് ‘ബ്രഹ്മാസ്ത്ര

single-img
9 September 2022

ന്യൂഡല്‍ഹി: ബോയിക്കോട്ട് ക്യാംപെയിനെ തകര്‍ത്തെറിഞ്ഞ് ‘ബ്രഹ്മാസ്ത്ര’ ഈ സിനിമയിലെ നായകന്‍ കൂടിയായ രണ്‍ബീര്‍ കപൂറിന്റെ ഇഷ്ട ഭക്ഷണം ബീഫാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്, ഒരു വിഭാഗം സോഷ്യല്‍ മീഡിയകളിലൂടെ ബോയിക്കോട്ട് ക്യാംപെയിന്‍ ആരംഭിച്ചിരുന്നത്.

ഇതാണ് സിനിമ റിലീസ് ആയതോടെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഏകദേശം മുഴുവന്‍ ഷോകള്‍ക്കും അഡ്വാന്‍സ് ബുക്കിങ്ങിനു തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. സമീപകാലത്ത് റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന അഡ്വാന്‍സ് ബുക്കിങ്ങാണ് ബ്ര​ഹ്മാസ്ത്രക്ക് ലഭിച്ചിരുന്നത്. വലിയ മള്‍ട്ടിപ്ലക്‌സുകളിലും 3ഡി സ്‌ക്രീനിലും ‘ബ്രഹ്മാസ്ത്ര’യുടെ അഡ്വാന്‍സ് ബുക്കിംഗ് അതിവേഗം നിറഞ്ഞിരുന്നു. ജയ്പൂര്‍, ഇന്‍ഡോര്‍, പട്‌ന സര്‍ക്യൂട്ടുകളില്‍ വന്‍തോതിലുള്ള അഡ്വാന്‍സ് ബുക്കിങ്ങാണ് നടന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, യു.പി, ഗുജറാത്ത്, ആന്ധ്ര, ഹിമാചല്‍ പ്രദേശ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തുടങ്ങി കേരളത്തിലെ നഗരങ്ങളില്‍ വരെ സമാന അവസ്ഥയാണ് ഉണ്ടായത്.

രാജ്യത്തിന് പുറത്തും വലിയ അഭിപ്രായം നേടിയാണ് ബ്രഹ്മാസ്ത്ര മുന്നോട്ട് കുതിച്ചിരിക്കുന്നത്. സിനിമ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തവര്‍ക്കുള്ള മാസ് തിരിച്ചടിയായാണ് ഈ പ്രതികരണത്തെ സിനിമാ ലോകവും വിലയിരുത്തുന്നത്.

രണ്‍ബീറിന്റെ പഴയ അഭിമുഖത്തില്‍ ‘റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണെ’ന്നും താരം പറയുന്നുണ്ട്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ്, ട്വിറ്ററില്‍ ചിത്രം ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിന്‍ നടക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്ബ് റോക്ക്‌സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു രണ്‍ബീര്‍ ബീഫ് തന്റെ ഇഷ്ട ഭക്ഷണമാണെന്ന് പറഞ്ഞിരുന്നത്. ബ്രഹ്മാസ്ത്രയില്‍ ‘ശിവ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്.

അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ നായിക ആയി എത്തുന്നത് അദ്ദേഹത്തിന്റെ ഭാര്യ ആലിയ ഭട്ട് ആണ്. തുടരെ ഉള്ള പരാജയങ്ങളില്‍ നിന്നും ബോളിവുഡിനെ കൈപിടച്ചുയര്‍ത്താന്‍ ‘ബ്രഹ്മാസ്ത്ര’യ്ക്ക് സാധിക്കുമെന്ന കണക്ക് കൂട്ടലില്‍ തന്നെയാണ്. വിപുലമായ റിലീസിങ്ങും പ്ലാന്‍ ചെയ്തിരുന്നത്.
ചിത്രം കണ്ടിറങ്ങിയവരുടെ ആദ്യ പ്രതികരണങ്ങള്‍, ബോളിവുഡിനെ സംബന്ധിച്ച്‌ വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

സിനിമയിലെ മിതമായ ആദ്യ പകുതിയും, തുടര്‍ന്ന് മാന്യമായ രണ്ടാം പകുതിയും… എന്ന ആശയം കൗതുകമുണര്‍ത്തുന്നതാണ്, അഭിനേതാക്കളെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. മനോഹരമായ വിഎഫ്‌എക്സ് വിസ്മയം കൊള്ളിക്കുന്നതാണ്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യാവിഷ്ക്കാരമാണ് ബ്രഹ്മാസ്ത്ര. ആലിയയുടെയും രണ്‍ബീറിന്റെയും കെമിസ്ട്രിയും മികച്ചതായിരുന്നു, തുടക്കം മുതല്‍ അവസാനം വരെ ഒരു വിഷ്വല്‍ ക്ലാസ്സിക് ആണ് ബ്രഹ്മാസ്ത്ര, അമിതാഭ് ബച്ചന്‍ തന്റെ റോള്‍ ​ഗംഭീരമാക്കിയിട്ടുണ്ട്. പ്രേക്ഷകരെ സംബന്ധിച്ച്‌ ഒരു ഫാന്റസി മിത്തോളജി ലോകത്തേക്കുള്ള ഒരു ജീവിതയാത്രയായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിംഗ് സീനുകളും ക്യാരക്ടര്‍ ആമുഖങ്ങളും ക്ലൈമാക്സും വേറെ ലെവലാണ് എന്നും നിസംശയം പറയാം. ഈ ചിത്രം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സിനിമ കണ്ടിറങ്ങിയ നല്ലൊരു വിഭാഗത്തിനും സംശയം ഇല്ല.

410 കോടിയാണ് ‘ബ്രഹ്മാസ്ത്ര’യുടെ നിര്‍മ്മാണ ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പബ്ലിസിറ്റിയും പ്രിന്‍ഡിങ്ങും ഒഴികെയുള്ള തുകയാണിത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, നമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് അയാന്‍ മുഖര്‍ജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ഒരുക്കിയിട്ടുണ്ട്.