വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ

മലയാറ്റൂരിൽ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിനിയായ ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനാണെന്ന് ആൺസുഹൃത്ത് അലൻ പോലീസിനോട് സമ്മതിച്ചു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും അലൻ പോലീസിനോട് വെളിപ്പെടുത്തി. സംശയത്തെ തുടർന്നുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന്, കാലടി പോലീസാണ് അലൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആറാം തീയതി രാത്രി ഇരുവരും കണ്ടുമുട്ടിയപ്പോൾ ചില സംശയങ്ങളുടെ പേരിൽ തർക്കമുണ്ടായതായി അലൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് വന്ന ചില ഫോൺകോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തർക്കം രൂക്ഷമായത്. ഈ സമയത്ത് അലൻ മദ്യലഹരിയിലായിരുന്നു.
തർക്കത്തിനൊടുവിൽ, പെൺകുട്ടിയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് അലൻ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. വിജനമായ ഒരിടത്ത് ബൈക്ക് നിർത്തിയശേഷം, കല്ല് ഉപയോഗിച്ച് പെൺകുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അലൻ്റെ മൊഴി.
ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ചിത്രപ്രിയ. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെടുക്കുന്നത്. ഈ അന്വേഷണത്തിലാണ് ആൺസുഹൃത്തായ അലനിലേക്ക് പോലീസ് എത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.


