റെയിൽവേ സ്റ്റേഷനിൽ നിന്നും തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്തിയത് ബിജെപി നേതാവിന്റെ വീട്ടിൽ: യുപിയിൽ എട്ട് പേർ അറസ്റ്റിൽ

single-img
30 August 2022

ഉത്തർ പ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസിൽ കുട്ടിയെ കണ്ടെത്തിയത് ബിജെപി നേതാവിന്റെ വീട്ടിൽ നിന്നും. സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായി. ഒരാഴ്ചയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്താൻ സാധിച്ചത്. നിലവിൽ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.

ഓഗസ്റ്റ് 24 ന് യുപിയിലെ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെയാണ് സഞ്ജയ് എന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്. പ്രദേശത്തെ ബിജെപി നേതാവും കോർപ്പറേഷൻ കൗൺസിലറുമായ വിനീത അഗർവാളും ഭർത്താവും 1.8 ലക്ഷം രൂപയ്ക്ക് രണ്ട് ഡോക്ടർമാരിൽ നിന്നും കുഞ്ഞിനെ വാങ്ങിയെന്നാണ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത് .

എന്നാൽ, കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തുന്ന വൻ സംഘത്തിന്റെ ഭാഗമാണ് ഈ ഡോക്ടർമാരെന്ന് പോലീസ് പറയുന്നു. ഈ ബിജെപി നേതാവിനും ഭർത്താവിനും നിലവിൽ ഒരു മകളുണ്ട്. തങ്ങൾക്ക് ഒരു ആൺ കുഞ്ഞ് വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് ഇവർ കുഞ്ഞിനെ വാങ്ങിയതെന്നും പോലീസ് വ്യക്തമാക്കി.

അന്വേഷണ ഘട്ടത്തിൽ സിസി ക്യാമറയിൽ പതിഞ്ഞ ആൾ ഉൾപ്പെടെ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അറസ്റ്റിലായ ഡോക്ടർമാരിൽ നിന്നും പോലീസ് പണവും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ പിടിയിലായ എട്ട് പേരിൽ രണ്ട് നഴ്‌സുമാരും, ബിജെപി കൗൺസിലറും അവരുടെ ഭർത്താവും ഉൾപ്പെടുന്നുവെന്ന് എസ്പി (റെയിൽവേ) മുസ്താഖ് അഹമ്മദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദീപ് കുമാർ എന്ന് പേരുള്ള ഒരാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. ഹത്രാസ് ജില്ലയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളുടെ വിൽപ്പന നടത്തുന്ന സംഘം പ്രവർത്തിക്കുന്നത്. ബിജെപി നേതാവിന്റെ വീട്ടിൽ നിന്നും കുഞ്ഞിനെ കിട്ടിയതിന് പിന്നാലെയാണ് ഈ റാക്കറ്റിലേക്ക് അന്വേഷണം നീങ്ങുന്നത്.