കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്: ജഗദീഷ് ഷെട്ടാര്‍

single-img
18 April 2023

താൻ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം കർണാടകയിലെ ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍. ബി എല്‍ സന്തോഷ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതായും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ച് തന്നെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മഹേഷിന് ടിക്കറ്റ് നല്‍കാന്‍ വേണ്ടി മാത്രമാണ് സന്തോഷ് ഗൂഢാലോചന നടത്തിയത്. ബസവരാജ് ബൊമ്മൈ സര്‍ക്കാരില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടിട്ടും താന്‍ കഠിനാധ്വാനം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ആറ് തവണ എംഎല്‍എയും നിയമസഭാ പ്രതിപക്ഷ നേതാവും സ്പീക്കറും പാര്‍ട്ടി അധ്യക്ഷനുമായിരുന്നു ജഗദീഷ് ഷെട്ടാര്‍.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷെട്ടാർ പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്തത്. അദ്ദേഹം പ്രതിനിധീകരിച്ച ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മഹേഷ് തെങ്കിങ്കൈയാണ് ഇത്തവണ മത്സരിക്കുക. അത്പോലെ തന്നെ മൈസൂരു ജില്ലയിലെ കൃഷ്ണരാജ നിയമസഭാ മണ്ഡലത്തില്‍ നാല് തവണ എം.എല്‍.എയായ എസ്.എ രാമദാസിനെ പാര്‍ട്ടി ഒഴിവാക്കി ശ്രീവത്സ എന്ന പുതുമുഖത്തിനും ടിക്കറ്റ് നല്‍കി.

‘രാമദാസിന് ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. അദ്ദേഹം ബി.എല്‍. സന്തോഷിന്റെ വിശ്വസ്തനല്ലാത്തതിനാല്‍ അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു. ശ്രീവാസ്തയ്ക്ക് ടിക്കറ്റ് നല്‍കി,’ ഷെട്ടാര്‍ പറഞ്ഞു. ‘ബി.എല്‍. സന്തോഷിന് കേരളത്തിന്റെ ചുമതല നല്‍കി, ഒരു സീറ്റ് പോലും നേടിയില്ല. അദ്ദേഹത്തെ തമിഴ്നാടിന്റെ ചുമതലയാക്കി. ബി.ജെ.പി കുറച്ച് സീറ്റുകള്‍ മാത്രമാണ് നേടിയത്. അദ്ദേഹം തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും ചുമതലയുണ്ടായിരുന്നു. അവസ്ഥ നോക്കൂ. ഈ സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ട ഒരാള്‍ പാര്‍ട്ടിയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഉപദേശം നല്‍കുന്നു,’ ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു.